---
title: "കുഴികൾ നിറഞ്ഞ് അപകടക്കെണിയായി ഉണ്ടപ്പറമ്പ് റോഡ്;  ദുരിതത്തിലായി യാത്രക്കാർ,അടിയന്തര ഇടപെടൽ വേണം"
english_title: "Taliparamba Court Road Damaged Police Station Approach Road Potholes Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384050/taliparamba-court-road-police-station-approach-road-damaged-potholes"
published_at: "2026-09-24T16:07:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4fd86225c7_simple-card.jpg"
keywords: ["Kannur News", "Taliparamba News", "Road Damage News", "Taliparamba Municipality"]
---

# കുഴികൾ നിറഞ്ഞ് അപകടക്കെണിയായി ഉണ്ടപ്പറമ്പ് റോഡ്;  ദുരിതത്തിലായി യാത്രക്കാർ,അടിയന്തര ഇടപെടൽ വേണം

> **Lead Summary:** **തളിപ്പറമ്പ്: **പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തുന്ന പ്രധാന വഴിയും തകർന്ന് കിടക്കുകയാണ്. അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.കുഴിയിൽ നിന്ന് കുഴിയിലേക്കുള്ള യാത്രയാണ് തളിപ്പറമ്പ് കോർട്ട് റോഡ് പോലീസ് സ്റ്റേഷന്റെ മുൻവശത്തുകൂടി ഉണ്ടപ്പറമ്പ് പഴയ എച്ച്.ആർ. ടൂറിസ്റ്റ് ഹോം വഴി പോകുന്ന റോഡിൽ.

## Article Content

**തളിപ്പറമ്പ്: **പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തുന്ന പ്രധാന വഴിയും തകർന്ന് കിടക്കുകയാണ്. അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.കുഴിയിൽ നിന്ന് കുഴിയിലേക്കുള്ള യാത്രയാണ് തളിപ്പറമ്പ് കോർട്ട് റോഡ് പോലീസ് സ്റ്റേഷന്റെ മുൻവശത്തുകൂടി ഉണ്ടപ്പറമ്പ് പഴയ എച്ച്.ആർ. ടൂറിസ്റ്റ് ഹോം വഴി പോകുന്ന റോഡിൽ.

റോഡാണോ കുഴിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഈ റോഡ്.മൂത്തേടത്ത് ഹൈസ്കൂൾ ഗ്രൗണ്ടായ ഉണ്ടപ്പറമ്പ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചതിനെ തുടർന്ന്, താൽക്കാലികമായി സൈഡ് ഭാഗത്തുകൂടി ഒരുക്കിയ വഴിയിലൂടെയാണ് ഇപ്പോൾ വാഹനങ്ങളും പൊതുജനങ്ങളും സഞ്ചരിക്കുന്നത്. എന്നാൽ ഈ വഴിയും വലിയ കുഴികൾ നിറഞ്ഞ് അപകടകരമായ നിലയിലായിരിക്കുകയാണ്.

രാവിലെ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തുന്നതിനും ഈ വഴിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതോടൊപ്പം സീതി സാഹിബ് സ്കൂളിലേക്ക് നിരവധി കുട്ടികൾ യാത്ര ചെയ്യുന്ന വഴിയും ഇതുതന്നെയാണ്. റോഡിന്റെ ശോചനീയാവസ്ഥ കുട്ടികളുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയാണ്.

മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയും റോഡ് ചളിക്കുളമായി മാറുകയും ചെയ്യും. കുഴികൾ വെള്ളത്തിനടിയിലാകുന്നതോടെ അവയുടെ ആഴം പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാകും. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.

കോർട്ട് റോഡിൽ നിന്ന് മാർക്കറ്റിലേക്കും മദ്രസ ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാന പാത കൂടിയാണിത്. ശ്രീകണ്ഠാപുരം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ചെറുവാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന ബദൽ റോഡായും ഇത് ഉപയോഗിക്കുന്നു.

അടിയന്തര സാഹചര്യങ്ങളിൽ പോലീസ് വാഹനങ്ങൾക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഈ റോഡ് പ്രയോജനപ്പെടുന്നുണ്ട്. ഇത്രയേറെ പ്രാധാന്യമുള്ള റോഡ് തകർന്നുകിടന്നിട്ടും ശാശ്വത പരിഹാരം ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ശക്തമാണ്.

കുഴികൾ അടച്ച് താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം റോഡ് പൂർണമായി നിരപ്പാക്കി, ആവശ്യമായ ഡ്രെയിനേജ് സൗകര്യങ്ങൾ ഒരുക്കി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തളിപ്പറമ്പ് നഗരസഭയും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി സ്ഥലപരിശോധന നടത്തി റോഡിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384050/taliparamba-court-road-police-station-approach-road-damaged-potholes)