---
title: "എക്‌മോ ചികിത്സയിൽ ചരിത്രനേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്"
english_title: "Kannur Aster MIMS ECMO Treatment 77 Percent Success 10 Of 13 Patients Saved"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384056/kannur-aster-mims-ecmo-treatment-success-10-patients-saved"
published_at: "2026-09-24T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5053c9e1a7_IMG-20191107-WA0090.jpg"
keywords: ["Kannur News", "Aster MIMS Kannur News", "ECMO Treatment News", "Health News"]
---

# എക്‌മോ ചികിത്സയിൽ ചരിത്രനേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്

> **Lead Summary:** **കണ്ണൂർ:** കഴിഞ്ഞ ഒരു വർഷത്തിനിടെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 13 രോഗികളിൽ 10 പേരെയും അത്യാധുനിക എക്‌മോ ചികിത്സയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം ജീവിതത്തിലേക്ക് വിജയകരമായി തിരികെ എത്തിച്ചു.

## Article Content

**കണ്ണൂർ:** കഴിഞ്ഞ ഒരു വർഷത്തിനിടെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 13 രോഗികളിൽ 10 പേരെയും അത്യാധുനിക എക്‌മോ ചികിത്സയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം ജീവിതത്തിലേക്ക് വിജയകരമായി തിരികെ എത്തിച്ചു.

ദേശീയ-അന്താരാഷ്ട്ര ശരാശരിയേക്കാൾ 77 ശതമാനമെന്ന മികച്ച വിജയനിരക്ക് കൈവരിച്ചാണ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മെഡിക്കൽ സംഘം ഈ നേട്ടം സ്വന്തമാക്കിയത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം, കാർഡിയോളജി, പൾമണോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള അടിയന്തര ഇടപെടലാണ് ഈ നൂതന ചികിത്സയിൽ നിർണായകമായത്.

കഠിനമായ അണുബാധകൾ, ഇൻഫ്‌ലുവൻസ, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ മൂർച്ഛിച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പൂർണമായി തകരാറിലാകുന്ന ഘട്ടത്തിലാണ് എക്‌മോ ചികിത്സ ജീവൻരക്ഷയായി മാറുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സാധാരണ വെന്റിലേറ്ററുകൾ നൽകുമ്പോൾ അത് ശ്വാസകോശത്തെ അമിതമായി സമ്മർദ്ദത്തിലാക്കുകയും സങ്കീർണ്ണതകൾക്ക് കാരണമാകുകയും ചെയ്യാം. എന്നാൽ എക്‌മോ സാങ്കേതികവിദ്യ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കുന്നു.

ഈ ചികിത്സയിൽ ശരീരത്തിന് പുറത്തുള്ള യന്ത്രം കൃത്രിമ ഹൃദയമായും ശ്വാസകോശമായും പ്രവർത്തിച്ച് രക്തത്തിലേക്ക് നേരിട്ട് ഓക്‌സിജൻ എത്തിക്കുകയും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. ഇതുവഴി കേടുപാടുകൾ സംഭവിച്ച അവയവങ്ങൾക്ക് പൂർണ്ണ വിശ്രമം ലഭിക്കുകയും ശരീരം സ്വയം സുഖപ്പെടാനുള്ള നിർണായക സമയം രോഗിക്ക് ലഭിക്കുകയും ചെയ്യുന്നു.

ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ. അമിത്ത് ശ്രീധരൻ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. റിനോയ് ചന്ദ്രൻ, കാർഡിയോ തൊറാസിക് സർജറി വിഭാഗം ഡോ. പ്രസാദ് സുരേന്ദ്രൻ, കാർഡിയോ തൊറാസിക് അനസ്‌തേഷ്യ ഡോ. ഗണേഷ് എം, ഡോ. നിലഞ്ജൻ, പെർഫ്യൂഷനിസ്റ്റ് ജിനു, നഴ്‌സിംഗ് വിഭാഗം അഖിൽ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ് കൃഷ്ണൻ, ഫിസിയോതെറാപ്പി വിഭാഗം മേധാവി വിശ്വനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്.

മരണമുഖത്തുനിന്നാണ് ഈ അത്യാധുനിക ചികിത്സയുടെ പിൻബലത്തോടെ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഡോ. അമിത്ത് ശ്രീധരൻ പ്രതികരിച്ചു. കൃത്യമായ സമയത്തുള്ള ഇടപെടലും പ്രത്യേക പരിശീലനം ലഭിച്ച മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമവുമാണ് ഈ ചികിത്സയിൽ നിർണായകമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ രാജ്യങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം ലഭ്യമായിരുന്ന അത്യാധുനിക ചികിത്സാസൗകര്യങ്ങൾ മേഖലയിൽ ലഭ്യമാക്കാനും ഈ അപൂർവ നേട്ടത്തിലൂടെ കണ്ണൂരിന്റെ പേര് ആരോഗ്യ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയർത്താനും സാധിച്ചുവെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384056/kannur-aster-mims-ecmo-treatment-success-10-patients-saved)