---
title: "തളിപ്പറമ്പിലെ നവീകരിച്ച ബസ് സ്റ്റോപ്പ് മദ്യപരുടെയും യാചകരുടെയും താവളം, ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും"
english_title: "Taliparamba Renovated Bus Stop Turns Shelter For Drunkards Traders Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384058/taliparamba-renovated-bus-stop-drunkards-complaint-traders"
published_at: "2026-09-24T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab505f67eb3c_IMG-20191107-WA0090.jpg"
keywords: ["Kannur News", "Taliparamba News", "Bus Stop News", "Taliparamba Merchants Association"]
---

# തളിപ്പറമ്പിലെ നവീകരിച്ച ബസ് സ്റ്റോപ്പ് മദ്യപരുടെയും യാചകരുടെയും താവളം, ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും

> **Lead Summary:** **തളിപ്പറമ്പ്: **പൊതുജനങ്ങൾക്കും യാത്രക്കാർക്കും സൗകര്യമൊരുക്കുന്നതിനായി നവീകരിച്ച തളിപ്പറമ്പിലെ ബസ് സ്റ്റോപ്പ് ഇപ്പോൾ ഭീതിയും അസൗകര്യവും സൃഷ്ടിക്കുന്ന ഇടമായി മാറുന്നതായി വ്യാപാരികൾക്കും നാട്ടുകാർക്കും പരാതി.പകൽസമയത്ത് തന്നെ ബസ് സ്റ്റോപ്പിലെ നിലവിലെ അവസ്ഥ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

## Article Content

**തളിപ്പറമ്പ്: **പൊതുജനങ്ങൾക്കും യാത്രക്കാർക്കും സൗകര്യമൊരുക്കുന്നതിനായി നവീകരിച്ച തളിപ്പറമ്പിലെ ബസ് സ്റ്റോപ്പ് ഇപ്പോൾ ഭീതിയും അസൗകര്യവും സൃഷ്ടിക്കുന്ന ഇടമായി മാറുന്നതായി വ്യാപാരികൾക്കും നാട്ടുകാർക്കും പരാതി.പകൽസമയത്ത് തന്നെ ബസ് സ്റ്റോപ്പിലെ നിലവിലെ അവസ്ഥ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

രാത്രിയായാൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും ഇവിടെ മദ്യപരും യാചകരും തമ്പടിക്കുന്ന സാഹചര്യമുണ്ടെന്നും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. റിയാസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപർ ബസ് സ്റ്റോപ്പിൽ കിടക്കുകയും അവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ച് മാലിന്യം ഉപേക്ഷിക്കുകയും ചെയ്തതായി പരാതിയുണ്ട്.

തുടർന്ന് ബസ് സ്റ്റോപ്പിലെ വ്യാപാരികളാണ് മാലിന്യം നീക്കം ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.പൊതുജനങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കേണ്ട സംവിധാനങ്ങൾ കൃത്യമായ പരിപാലനവും നിയന്ത്രണവും ഇല്ലാതെ ഒരുക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതായും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. റിയാസ്  ചൂണ്ടിക്കാട്ടി.

ബസ് സ്റ്റോപ്പ് വൃത്തിയായി പരിപാലിക്കുന്നതിനും രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി തമ്പടിക്കുന്നവരെ നിയന്ത്രിക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384058/taliparamba-renovated-bus-stop-drunkards-complaint-traders)