---
title: "പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 17 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "Payyannur Railway Station 17 Kg Ganja Seized Bengal Native Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384329/payyannur-railway-station-17kg-ganja-seized-bengal-arrest"
published_at: "2026-09-26T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7bb19b77fb_simple-card.jpg"
keywords: ["Kannur News", "Payyannur News", "Ganja Seizure", "Excise Raid", "Kerala Crime News"]
---

# പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 17 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

## Article Content

**പയ്യന്നൂർ: **കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും, പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും പാർട്ടിയും, ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട്, ആർ പി എഫ് കണ്ണൂരും സംയുക്തമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ വച്ച് 17 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദശരത് മണ്ഡൽ (21), S/o. സഞ്ജയ് മണ്ഡൽ എന്നയാളെ പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.ഒറീസയിൽ നിന്നും ഇയാൾ ഇതിനുമുമ്പും കഞ്ചാവുമായി കേരളത്തിലേക്ക് വന്നിട്ടുണ്ട്. കേരളത്തിലേക്ക് അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ദശരത് മണ്ഡൽ. ഇയാളുടെ കൂട്ടാളികളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഒറീസയിൽ നിന്നും ഇയാൾ കഞ്ചാവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പരിശോധന ടീമിൽ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, പയ്യന്നൂർ എക്സൈസ് റേഞ്ച് ടീമുകളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിനോദ് വി കെ, കമലാക്ഷൻ ടിവി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, വിവേക് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി, ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് അസിസ്റ്റൻറ് ഇൻസ്പെക്ടർ ഷിജു കെ എം, ഹെഡ് കോൺസ്റ്റബിൾ ശ്രീകാന്ത് വി.വി, ആർ പി എഫ് കണ്ണൂർ കോൺസ്റ്റബിൾ പ്രദീപ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384329/payyannur-railway-station-17kg-ganja-seized-bengal-arrest)