---
title: "തളിപ്പറമ്പ് ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് കാരണമെന്ന് ആക്ഷേപം"
english_title: "Taliparamba Stray Dog Menace Bus Stand Feeding Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384440/taliparamba-stray-dog-menace-bus-stand-feeding-issue"
published_at: "2026-09-27T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab92f7b1309e_simple-card.jpg"
keywords: ["Taliparamba News", "Stray Dog Menace", "Kannur News", "Municipality News"]
---

# തളിപ്പറമ്പ് ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് കാരണമെന്ന് ആക്ഷേപം

> **Lead Summary:** **തളിപ്പറമ്പ്: **നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ആശങ്കയിൽ. ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതാണ് നായ്ക്കൾ കൂട്ടമായി എത്താനും ടൗണിൽ അലഞ്ഞുതിരിയാനും കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തന്നെ തെരുവുനായ്ക്കൾക്ക് പതിവായി ഭക്ഷണം നൽകുന്നതായി നാട്ടുകാർ പറയുന്നു.

## Article Content

**തളിപ്പറമ്പ്: **നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ആശങ്കയിൽ. ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതാണ് നായ്ക്കൾ കൂട്ടമായി എത്താനും ടൗണിൽ അലഞ്ഞുതിരിയാനും കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തന്നെ തെരുവുനായ്ക്കൾക്ക് പതിവായി ഭക്ഷണം നൽകുന്നതായി നാട്ടുകാർ പറയുന്നു.

ഭക്ഷണം തേടി കൂടുതൽ നായ്ക്കൾ ഇവിടെ എത്തുന്നതോടെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്. ടൗണിലെ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ ഭക്ഷണം നൽകുന്നത് നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുലർച്ചെ പള്ളിയിലേക്കും മദ്രസകളിലേക്കും പോകുന്നവർക്കും സ്കൂൾ വിദ്യാർഥികൾക്കും തെരുവുനായ്ക്കളുടെ സാന്നിധ്യം വലിയ ആശങ്കയാണ്. നായ്ക്കളുടെ ആക്രമണഭീതിയെ തുടർന്ന് കുട്ടികളെ ഒറ്റയ്ക്ക് പുറത്തേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുന്ന സാഹചര്യമാണുള്ളതെന്നും നാട്ടുകാർ പറയുന്നു.

ചില പ്രദേശങ്ങളിൽ കുട്ടികൾക്ക് കൂട്ടായി രക്ഷിതാക്കൾ പോകേണ്ട അവസ്ഥയുമുണ്ട്.കൂട്ടമായി സഞ്ചരിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് പിന്നാലെ ഓടുന്നതും ഇരുചക്ര വാഹനങ്ങളെ പിന്തുടരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തെരുവുനായ ശല്യം സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384440/taliparamba-stray-dog-menace-bus-stand-feeding-issue)