---
title: "മുങ്ങിത്താഴും മുമ്പേ കൈത്താങ്ങായി ധ്യാൻ; കളിക്കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് ഏഴാം ക്ലാസുകാരൻ"
english_title: "Pattuvam Seventh Class Student Dhyan Sarath Saves Friend From Temple Pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384761/pattuvam-class-seven-student-dhyan-sarath-saves-friend-pond"
published_at: "2026-09-29T19:57:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbcad244dc4_simple-card.jpg"
keywords: ["Pattuvam News", "Kannur News", "Student Hero"]
---

# മുങ്ങിത്താഴും മുമ്പേ കൈത്താങ്ങായി ധ്യാൻ; കളിക്കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് ഏഴാം ക്ലാസുകാരൻ

> **Lead Summary:** **പട്ടുവം: **അപകടത്തിൽപ്പെട്ട കളിക്കൂട്ടുകാരന്റെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ ഏഴാം ക്ലാസുകാരൻ ധ്യാൻ ശരത്തിന് അഭിനന്ദനങ്ങൾ.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പട്ടുവം വലിയ മതിലക ക്ഷേത്ര പരിസരത്താണ് സംഭവം.

## Article Content

**പട്ടുവം: **അപകടത്തിൽപ്പെട്ട കളിക്കൂട്ടുകാരന്റെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ ഏഴാം ക്ലാസുകാരൻ ധ്യാൻ ശരത്തിന് അഭിനന്ദനങ്ങൾ.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പട്ടുവം വലിയ മതിലക ക്ഷേത്ര പരിസരത്താണ് സംഭവം.

പന്ത് കളിക്കുന്നതിനിടെ സമീപത്തെ ക്ഷേത്രക്കുളത്തിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി നിഹാൽ കുളത്തിൽ വീഴുകയായിരുന്നു. നിഹാൽ മുങ്ങിത്താഴുന്നത് കണ്ട ധ്യാൻ ശരത് ഒട്ടും സമയം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.

കുളത്തിന് സമീപത്തുണ്ടായിരുന്ന മരവടി എടുത്ത് മുങ്ങിത്താഴുന്ന നിഹാലിന് നേരെ നീട്ടി, അതിൽ പിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വടിയിൽ പിടുത്തം കിട്ടിയതോടെ ധ്യാൻ ശരത് വലിച്ചുകയറ്റി നിഹാലിനെ കരയിലെത്തിക്കുകയായിരുന്നു. ധ്യാന്റെ ആത്മധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചത്.

പട്ടുവം യു.പി സ്കൂളിന് സമീപം താമസിക്കുന്ന പ്രവാസിയായ ജീവേഷിന്റെയും ജസ്നയുടെയും മകനാണ് നിഹാൽ. അമ്മയുടെ നാടായ പുന്നാട്ടെ സ്കൂളിലാണ് ഇപ്പോൾ പഠിക്കുന്നത്. ഞായറാഴ്ചയാണ് അമ്മയുടെ വീട്ടിൽ നിന്ന് നിഹാൽ പട്ടുവത്തെത്തിയത്.പട്ടുവം യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ധ്യാൻ ശരത്, പട്ടുവം യു.പി സ്കൂളിന് സമീപം താമസിക്കുന്ന കെ.വി ശരത് ബാബുവിന്റെയും ശിൽപയുടെയും മകനാണ്.

സമീപകാലത്ത് സമാനമായ അപകടത്തിൽ ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ധ്യാൻ ശരത്തിന്റെ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്ന് നാട്ടുകാർ പറയുന്നു. അപകടസാഹചര്യത്തിൽ ഭയപ്പെടാതെ ബുദ്ധിപൂർവം ഇടപെട്ട ധ്യാന്റെ പ്രവർത്തനം കുട്ടികൾക്കും സമൂഹത്തിനും മാതൃകയാണെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384761/pattuvam-class-seven-student-dhyan-sarath-saves-friend-pond)