---
title: "ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞു, എൽഡിഎഫിന് മുന്നേറ്റം: എം വി ഗോവിന്ദൻ"
english_title: "UDF Votes Seats Decreased LDF Gained Momentum By Election MV Govindan Reacts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384768/udf-votes-seats-decreased-ldf-gained-by-election-mv-govindan"
published_at: "2026-09-29T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbce6105569_IMG-20191107-WA0082.jpg"
keywords: ["MV Govindan News", "By Election News", "LDF News"]
---

# ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞു, എൽഡിഎഫിന് മുന്നേറ്റം: എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് സീറ്റും വോട്ടും കുറഞ്ഞുവെന്നും, എൽഡിഎഫിന് ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് സീറ്റും വോട്ടും കുറഞ്ഞുവെന്നും, എൽഡിഎഫിന് ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടന്ന 38 സീറ്റുകളിൽ മുമ്പ് 15 ഇടത്ത് മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയ വോട്ടുകൾ നിർണയിക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ വാർഡ് എന്നിവയിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. തൃക്കൊടിത്താനത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനായി. പല്ലശ്ശനയിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു. കല്ലറയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു.

എന്നാൽ അവിടെ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്നും, കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതിയായി ബിജെപി വോട്ട് കുറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കല്ലറയിൽ ബിജെപിക്ക് ഇത്തവണ 5,700 ഓളം വോട്ടാണ് ലഭിച്ചത്, 4,500 ലേറെ വോട്ടുകളുടെ കുറവാണ് അവിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കുറ്റിച്ചിറയിൽ എൽഡിഎഫ് വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ജയത്തോട് അടുത്ത തോൽവിയാണ് അവിടെ ഉണ്ടായത്.

ഇടതുപക്ഷം പ്രകടമായ തിരിച്ചുവരവാണ് നേടിയിട്ടുള്ളതെന്നും, തിരുത്തി തിരിച്ചുവരുമെന്ന എൽഡിഎഫ് നിലപാട് ജനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷത്തെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ഈ ഫലം. ജനവിശ്വാസം മുറുകെപ്പിടിച്ച് കൂടുതൽ വിനയാന്വിതമായി സിപിഎം മുന്നോട്ടുപോകും. അതേസമയം, ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കാത്ത മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോൺസേർഡ് യാത്രകൾ, വൈദ്യുതി പ്രതിസന്ധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിൽ വലിയ എതിർപ്പുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ ഡി നടപടിക്കെതിരെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോടും തിരുവനന്തപുരത്തും സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളിലെ ദേശീയ നേതാക്കളെ അടക്കം ഇതിൽ പങ്കെടുപ്പിക്കും. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കും. എന്നാൽ ഇ ഡി വിഷയത്തിൽ രാഹുൽ ഗാന്ധി സ്വീകരിക്കുന്നത് അവസരവാദപരമായ നിലപാടായതിനാൽ അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384768/udf-votes-seats-decreased-ldf-gained-by-election-mv-govindan)