---
title: "മട്ടന്നൂരിൽ എംഡിഎംഎയുമായി ഡോക്ടർമാർ പിടിയിൽ"
english_title: "Two Doctors Arrested With MDMA In Mattannur Excise Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384856/two-doctors-arrested-mdma-mattannur-excise-raid"
published_at: "2026-09-30T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcc4cac03a3_simple-card.jpg"
keywords: ["Mattannur News", "Kannur Crime News", "Drug Case"]
---

# മട്ടന്നൂരിൽ എംഡിഎംഎയുമായി ഡോക്ടർമാർ പിടിയിൽ

> **Lead Summary:** **മട്ടന്നൂർ: **ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ പിടിയിൽ.

## Article Content

**മട്ടന്നൂർ: **ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ പിടിയിൽ.

മട്ടന്നൂരിലെ സ്കൈ പാലസ് ബാറിന്റെ റൂമിലും, ആഡംബര ജീപ്പായ താർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎയുമായി മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോക്ടർ ഇർഷാദ് എച്ച്.എ, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ ഡോക്ടർ സിദ്ധാർത്ഥ് സി.പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പിജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണ്. ചോദ്യം ചെയ്യലിൽ എംഡിഎംഎ ബംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്ന് ഇവർ മൊഴി നൽകി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. അഭിജിത്, സി.വി. റിജുൻ, കെ.കെ. രാഗിൽ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384856/two-doctors-arrested-mdma-mattannur-excise-raid)