---
title: "നാടുകാണി സൂ സഫാരി പാർക്ക് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്"
english_title: "Nadukani Zoo Safari Park Works To Be Expedited Says Minister OJ Janeesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385077/nadukani-zoo-safari-park-minister-oj-janeesh"
published_at: "2026-10-01T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe88f3ec3b5_1000895218.jpg"
keywords: ["Nadukani Zoo Safari Park", "Thaliparamba News"]
---

# നാടുകാണി സൂ സഫാരി പാർക്ക് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സൂ സഫാരി പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മ്യൂസിയം വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്പ റഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചനാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സൂ സഫാരി പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മ്യൂസിയം വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്പ റഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചനാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വലിയ സമയനഷ്ടം ഉണ്ടായിട്ടുണ്ടെന്നും അവ വേഗത്തിലാക്കുന്നതിനും വിവിധ വകുപ്പുകൾക്കിടയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി തളിപ്പറമ്പ് എം.എൽ.എ ചെയർമാനായും മൃഗശാലാ വകുപ്പ് സൂപ്രണ്ട് കൺവീനറായും ഒരു പ്രാദേശിക സമിതിക്ക് രൂപം നൽകിയതായി അദ്ദേഹം അറിയിച്ചു.

ജില്ലാ കലക്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി പ്രദേശം ഉൾപ്പെടുന്ന കുറുമാത്തൂർ, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, ആർ.ഡി.ഒ, സോഷ്യൽ ഫോറസ്ട്രി പ്രതിനിധി, പാർക്ക് സ്പെഷ്യൽ ഓഫീസർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സമിതി.

സമയനഷ്ടം വരാതെ എത്രയും വേഗം പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി അടിയന്തരമായി പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾക്ക് കൃത്യമായി സമയക്രമം തയ്യാറാക്കും. ഡി.പി.ആർ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിശദമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

സഫാരി പാർക്കിന്റെ ഡി.പി.ആർ, കോണ്ടൂർ മാപ്പ് എന്നിവ തയ്യാറാക്കൽ, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം സമാന്തരമായി മുന്നോട്ടുകൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി. പദ്ധതി പ്രദേശത്തെ ആയിരത്തിലേറെ മരങ്ങളുടെ കണക്കെടുത്ത് ഇൻവെന്ററി തയ്യാറാക്കുന്നതിന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (കെ.എഫ്.ആർ.ഐ) ചുമതലപ്പെടുത്തും.

അതോടൊപ്പം റവന്യൂ വകുപ്പിൽ നിന്ന് മൃഗശാലാ വകുപ്പിന് കൈമാറിക്കിട്ടിയ 252.8 ഏക്കർ വരുന്ന പദ്ധതി പ്രദേശം സുരക്ഷിതമാക്കുന്നതിനായി ചുറ്റുമതിൽ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിക്കും.

ഡി.പി.ആർ തയ്യാറായാൽ മാത്രമേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിക്കായി പ്രൊപ്പോസൽ തയ്യാറാക്കാൻ സാധിക്കൂ എന്നും മന്ത്രി അറിയിച്ചു. ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം നിലവിലെ പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികളെ പദ്ധതിയിലേക്ക് ആഗിരണം ചെയ്യുമെന്നും ആവശ്യമനുസരിച്ച് കൂടുതൽ തൊഴിലാളികളെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ ടി.കെ ഗോവിന്ദൻ എം.എൽ.എ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടർ പി.എസ് മഞ്ജുള ദേവി, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, കുറുമത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശൻ മാസ്റ്റർ, തിരുവനന്തപുരം സുവോളജിക്കൽ പാർക്ക് സൂപ്രണ്ട് ടി.വി അനിൽകുമാർ, സഫാരി പാർക്ക് സ്പെഷ്യൽ ഓഫീസർ ബി. ജോസഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385077/nadukani-zoo-safari-park-minister-oj-janeesh)