---
title: "തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഏകപക്ഷീയമാണെന്നും ബി.ജെ.പിക്ക് അനുകൂലമാണെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ ആരോപിച്ചു."
english_title: "Election Commission Actions Are One Sided Says AN Shamseer At Muyyam Family Meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385231/election-commission-biased-an-shamseer-muyyam-local-committee"
published_at: "2026-10-02T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfccc3be0c2_simple-card-Recovered.jpg"
keywords: ["Muyyam News", "Taliparamba News", "CPM News"]
---

# തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഏകപക്ഷീയമാണെന്നും ബി.ജെ.പിക്ക് അനുകൂലമാണെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ ആരോപിച്ചു.

> **Lead Summary:** **തളിപ്പറമ്പ്: **തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഏകപക്ഷീയമാണെന്നും ബി.ജെ.പിക്ക് അനുകൂലമായ രീതിയിലാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ ആരോപിച്ചു.സി.പി.ഐ.എം മുയ്യം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്: **തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഏകപക്ഷീയമാണെന്നും ബി.ജെ.പിക്ക് അനുകൂലമായ രീതിയിലാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ ആരോപിച്ചു.സി.പി.ഐ.എം മുയ്യം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ നിന്ന് തങ്ങൾക്ക് അനുകൂലമല്ലാത്തവരെയും മുസ്ലീങ്ങൾ, ദളിതർ, പിന്നോക്ക വിഭാഗങ്ങൾ എന്നിവരെയും ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഷംസീർ ആരോപിച്ചു. കർണാടകയിലും ഉത്തർപ്രദേശിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇത്തരം നടപടികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ചില തീരുമാനങ്ങളെ കമ്മീഷനിലെ മറ്റ് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എതിർത്തതായി റിപ്പോർട്ടുകളുണ്ടെന്നും ഷംസീർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടികൾക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംസ്ഥാന ജനറൽ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

2014-ൽ അധികാരത്തിലെത്തുമ്പോൾ ബി.ജെ.പി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ഷംസീർ വിമർശിച്ചു. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനവും ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തുമെന്ന വാഗ്ദാനവും നടപ്പായില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പരിപാടിയിൽ എം.എം. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു.പി.കെ. കുഞ്ഞിരാമൻ, കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.വി. ബിജു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385231/election-commission-biased-an-shamseer-muyyam-local-committee)