---
title: "പഴയങ്ങാടി പുതിയ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന്റെ സെന്റർ സ്പാൻ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പുഴയുടെ ആഴ പരിശോധന ആരംഭിച്ചു"
english_title: "Pazhayangadi New Bridge Center Span Work Depth Survey Started KSTP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385549/pazhayangadi-new-bridge-center-span-depth-survey-started"
published_at: "2026-10-05T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac31d4ec3646_simple-card.jpg"
keywords: ["Pazhayangadi Bridge", "KSTP Road", "Kannur News"]
---

# പഴയങ്ങാടി പുതിയ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന്റെ സെന്റർ സ്പാൻ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പുഴയുടെ ആഴ പരിശോധന ആരംഭിച്ചു

> **Lead Summary:** **പഴയങ്ങാടി: **പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന്റെ സെന്റർ സ്പാൻ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പുഴയുടെ ആഴ പരിശോധന ആരംഭിച്ചു.പഴയങ്ങാടി പാലത്തിന്റെ പൈലിംഗ് പ്രവൃത്തികൾ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിലും പാലത്തിന്റെ മധ്യഭാഗത്തായി വരുന്ന പ്രവൃത്തി സാങ്കേതിക തടസം കാരണം നീണ്ടുപോകുകയായിരുന്നു.

## Article Content

**പഴയങ്ങാടി: **പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന്റെ സെന്റർ സ്പാൻ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പുഴയുടെ ആഴ പരിശോധന ആരംഭിച്ചു.പഴയങ്ങാടി പാലത്തിന്റെ പൈലിംഗ് പ്രവൃത്തികൾ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിലും പാലത്തിന്റെ മധ്യഭാഗത്തായി വരുന്ന പ്രവൃത്തി സാങ്കേതിക തടസം കാരണം നീണ്ടുപോകുകയായിരുന്നു.

ഇവിടെ സ്ലാബ് പ്രവൃത്തി ആരംഭിക്കുന്നതിന് അഡീഷണൽ സ്റ്റേജിംഗ് ആവശ്യമായി വരുമെന്ന പ്രാഥമിക വിലയിരുത്തൽ ഉണ്ടായിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിന് പുഴയുടെ ആഴം പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥ തലത്തിൽ നിർദേശം ഉണ്ടായി.ഇതിന്റെ അടിസ്ഥാനത്തിൽ പാലം പണി അനന്തമായി നീണ്ടുപോകുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇതോടൊപ്പം കഴിഞ്ഞ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗത്തിലും പ്രവൃത്തി വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ സി.ജെ യുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സർവേ ആരംഭിച്ചത്.

പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സെന്റർ സ്പാനിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.പിലാത്തറ - പഴയങ്ങാടി - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി കുപ്പം പുഴയ്ക്ക് കുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലത്തിന്റെ നിർമ്മാണം.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്.ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് യാതൊരു തടസവും ഇല്ലാത്ത നിലയിൽ പുഴയിൽ മണ്ണ് നിക്ഷേപിക്കാതെയും ഒഴുക്ക് തടസപ്പെടുത്താതെയുമാണ് പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന പ്രവൃത്തി ആരംഭിച്ചത്.

9 സ്പാനുകളായി 246.15 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് ജലഗതാഗത സൗകര്യത്തിനായി 55.05 മീറ്റർ നീളത്തിൽ സെന്റർ സ്പാനും നിർമ്മിക്കും. പ്രീ സ്ട്രെസ്ഡ് കോൺഗ്രീറ്റ് ഗർഡർ, സോളിഡ് സ്ലാബ് ടൈപ്പിൽ നിർമ്മിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും, ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാതയും ഉണ്ടാകും.

പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും, താവം ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയിൽ അനുബന്ധ റോഡും നിർമ്മിക്കും.66 പൈലുകളിൽ 66 ഉം 10 പൈൽ ക്യാപ് പ്രവൃത്തിയിൽ 8 എണ്ണവും പൂർത്തിയായി. പിയർ, പിയർ ക്യാപ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ പ്രവൃത്തികളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385549/pazhayangadi-new-bridge-center-span-depth-survey-started)