---
title: "ഒരാഴ്ച മുമ്പ് മുന്നറിയിപ്പ്; ഒടുവിൽ സീബ്രാ ലൈനിൽ അപകടം, തളിപ്പറമ്പിൽ കാൽനട യാത്രക്കാർക്ക് സുരക്ഷ എവിടെ?"
english_title: "Taliparamba Zebra Line Accident Woman Injured Despite Warning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386070/taliparamba-zebra-line-accident-woman-injured-atlas-jewellery"
published_at: "2026-10-08T12:02:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73964a6da2_IMG-20191107-WA0081.jpg"
keywords: ["Taliparamba Accident", "Zebra Crossing Accident", "Taliparamba Bus Stand"]
---

# ഒരാഴ്ച മുമ്പ് മുന്നറിയിപ്പ്; ഒടുവിൽ സീബ്രാ ലൈനിൽ അപകടം, തളിപ്പറമ്പിൽ കാൽനട യാത്രക്കാർക്ക് സുരക്ഷ എവിടെ?

> **Lead Summary:** **തളിപ്പറമ്പ്: **നഗരത്തിലെ സീബ്രാ ലൈനിൽ കാൽനട യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അതേ സ്ഥലത്ത് യുവതിക്ക് വാഹനമിടിച്ച് പരിക്ക്. ബസ് സ്റ്റാൻഡിന് മുൻവശത്തെ അറ്റ്ലസ് ജ്വല്ലറിക്ക് സമീപമുള്ള സീബ്രാ ലൈനിൽ ഇന്ന് രാവിലെയാണ് അപകടം.

## Article Content

**തളിപ്പറമ്പ്: **നഗരത്തിലെ സീബ്രാ ലൈനിൽ കാൽനട യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അതേ സ്ഥലത്ത് യുവതിക്ക് വാഹനമിടിച്ച് പരിക്ക്. ബസ് സ്റ്റാൻഡിന് മുൻവശത്തെ അറ്റ്ലസ് ജ്വല്ലറിക്ക് സമീപമുള്ള സീബ്രാ ലൈനിൽ ഇന്ന് രാവിലെയാണ് അപകടം.

ബക്കളം കാനൂൽ സ്വദേശിനി വി.സി. ലിജിന (31)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ 8.40ഓടെ സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ലിജിനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് തന്നെ തളിപ്പറമ്പ് ന്യൂസ് ഈ ഭാഗത്തെ അപകടഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന് മുമ്പ് തന്നെ അപകടം സംഭവിച്ചതാണ് ആശങ്ക ഉയർത്തുന്നത്.

ബസ് സ്റ്റാൻഡിന് മുൻവശത്തെ കണ്ണൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള ഈ സീബ്രാ ലൈൻ ദിവസവും കുട്ടികളും വയോധികരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് ഉപയോഗിക്കുന്നത്. സീബ്രാ ലൈനിലൂടെ യാത്രക്കാർ കടന്നുപോകുമ്പോഴും വാഹനങ്ങൾ നിർത്താതെ മുന്നോട്ടുപോകുന്നത് ഇവിടെ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

മുമ്പ് ഈ ഭാഗത്ത് പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്ഥിരമായ കാവൽ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയുണ്ട്. തിരക്കേറിയ ദേശീയപാതയിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സീബ്രാ ലൈനിൽ പോലീസ് കാവൽ ഏർപ്പെടുത്തുകയും ഗതാഗത നിയന്ത്രണം ശക്തമാക്കുകയും വേണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386070/taliparamba-zebra-line-accident-woman-injured-atlas-jewellery)