---
title: "തളിപ്പറമ്പ് കെ.വി. കോംപ്ലക്സ് അഗ്നിബാധയ്ക്ക് ഒരാണ്ട് തികയുമ്പോഴും വ്യാപാരികൾക്ക് സർക്കാർ ധനസഹായം ലഭിച്ചില്ലെന്ന് പരാതി; ഇന്ന് ‘ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം’."
english_title: "Taliparamba Fire Tragedy One Year Government Aid Delay Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386256/taliparamba-fire-one-year-merchant-association-protest-aid-delay"
published_at: "2026-10-09T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac89841e99db_1000912524.jpg"
keywords: ["Taliparamba News", "KV Complex Fire", "Merchant Association"]
---

# തളിപ്പറമ്പ് കെ.വി. കോംപ്ലക്സ് അഗ്നിബാധയ്ക്ക് ഒരാണ്ട് തികയുമ്പോഴും വ്യാപാരികൾക്ക് സർക്കാർ ധനസഹായം ലഭിച്ചില്ലെന്ന് പരാതി; ഇന്ന് ‘ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം’.

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിനെ നടുക്കിയ കെ.വി. കോംപ്ലക്സിലെ അഗ്നിബാധയ്ക്ക് ഒരാണ്ട് തികയുമ്പോഴും ദുരിതബാധിതരായ വ്യാപാരികൾക്ക് സർക്കാർ ധനസഹായം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ രംഗത്ത്. അഗ്നിബാധയിലുണ്ടായ വൻ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയാതെ വ്യാപാരികളും തൊഴിലാളികളും പ്രയാസം നേരിടുന്നതിനിടെ അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് അസോസിയേഷൻ.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിനെ നടുക്കിയ കെ.വി. കോംപ്ലക്സിലെ അഗ്നിബാധയ്ക്ക് ഒരാണ്ട് തികയുമ്പോഴും ദുരിതബാധിതരായ വ്യാപാരികൾക്ക് സർക്കാർ ധനസഹായം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ രംഗത്ത്. അഗ്നിബാധയിലുണ്ടായ വൻ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയാതെ വ്യാപാരികളും തൊഴിലാളികളും പ്രയാസം നേരിടുന്നതിനിടെ അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് അസോസിയേഷൻ.

അഗ്നിബാധയിൽ നിരവധി സ്ഥാപനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിൽ പല സ്ഥാപനങ്ങളും വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും ചിലത് ഇപ്പോഴും തുറക്കാനാകാത്ത അവസ്ഥയിലാണ്. ഒന്നോ രണ്ടോ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. വ്യാപാരികളെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെയും ഒരുപോലെ ബാധിച്ച ദുരന്തത്തിന്റെ ആഘാതം പൂർണമായി മാറിയിട്ടില്ല.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ യൂണിറ്റും സമാഹരിച്ച തുകയാണ് ദുരിതബാധിതരായ വ്യാപാരികൾക്കും തൊഴിലാളികൾക്കും വിതരണം ചെയ്തതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും പങ്കുവഹിക്കുന്ന വ്യാപാരികൾക്ക് ദുരന്തമുണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ധനസഹായം ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സർക്കാർ സഹായം ഇനിയും വൈകിക്കാതെ അനുവദിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനങ്ങളുടെയും നടപടികൾ ഊർജിതപ്പെടുത്തുന്നതിനുമായി ദുരിതബാധിത വ്യാപാരികൾക്ക് അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ഇന്ന് ‘ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം’ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386256/taliparamba-fire-one-year-merchant-association-protest-aid-delay)