---
title: "വളപട്ടണത്ത് ഹോട്ടലുകളിൽ വൻ മാലിന്യ നിക്ഷേപം: 45,000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്"
english_title: "Valapattanam Hotels Fined 45000 Waste Dumping Enforcement Squad Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386591/valapattanam-hotels-fined-45000-waste-dumping-raid"
published_at: "2026-10-11T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb9a46cb005_1000917166.jpg"
keywords: ["Kannur News", "Valapattanam News", "Enforcement Squad"]
---

# വളപട്ടണത്ത് ഹോട്ടലുകളിൽ വൻ മാലിന്യ നിക്ഷേപം: 45,000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്

> **Lead Summary:** വളപട്ടണം: മാലിന്യ സംസ്കരണ നിയമങ്ങൾ കാറ്റിൽപറത്തി പ്രവർത്തിച്ച ഭക്ഷണശാലകൾക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

## Article Content

വളപട്ടണം: മാലിന്യ സംസ്കരണ നിയമങ്ങൾ കാറ്റിൽപറത്തി പ്രവർത്തിച്ച ഭക്ഷണശാലകൾക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. വളപട്ടണം ടോൾ ബൂത്തിന് സമീപം പ്രവർത്തിക്കുന്ന സഫാരി റെസ്റ്റോറന്റ്, സാഗർ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്ഥാപനങ്ങളിൽ നിന്ന് യഥാക്രമം 35,000 രൂപയും 10,000 രൂപയും പിഴ ഈടാക്കി.

പരിശോധനയിൽ സഫാരി റെസ്റ്റോറന്റിനോട് ചേർന്നുള്ള ഉപയോഗിക്കാത്ത കിണറ്റിൽ വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. കൂടാതെ, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് തന്നെ പരസ്യമായി കത്തിക്കുന്നതായും സ്‌ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. സാഗർ ഹോട്ടലിന്റെ പരിസരത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും മലിനജലം തുറസ്സായി ഒഴുക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

കിണറ്റിൽ മാലിന്യം തള്ളിയത് വഴി കുടിവെള്ള സ്രോതസ്സ് മലിനമാകാനും, മലിനജലം തുറസ്സായി ഒഴുക്കുന്നതിലൂടെ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിച്ചതിലൂടെ പരിസ്ഥിതിക്കും വായുവിനും കടുത്ത ആഘാതമുണ്ടാക്കാനും ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി. കേരള പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സ്‌ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, ടീം അംഗങ്ങളായ ജിഷ്ണുരാജ്, ദിബിൽ, വളപട്ടണം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രമോദ് പറമ്പൻ, വി.ഇ.ഒ ഷഫീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിനേഷ് പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386591/valapattanam-hotels-fined-45000-waste-dumping-raid)