---
title: "പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ വൻ കുറവ്; 90 ശതമാനം വരെ ഇളവുമായി കെഎസ്ഇബി"
english_title: "KSEB New Electricity Connection Charges Reduced Up To 90 Percent New Rates From October 12 2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387141/kseb-new-electricity-connection-charges-reduced-90-percent-october-2026"
published_at: "2026-10-15T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad051b2b897f_1000925585.jpg"
keywords: ["KSEB", "Electricity Connection Charges", "Kerala News", "KSEB New Rates", "Power Connection Fee"]
---

# പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ വൻ കുറവ്; 90 ശതമാനം വരെ ഇളവുമായി കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: **പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള നിരക്കിൽ 90 ശതമാനം വരെ കുറവ് വരുത്തി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി). ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് പുതുക്കിയ നിരക്കുകൾ 2026 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.

## Article Content

**തിരുവനന്തപുരം: **പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള നിരക്കിൽ 90 ശതമാനം വരെ കുറവ് വരുത്തി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി). ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് പുതുക്കിയ നിരക്കുകൾ 2026 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ കണക്ഷൻ എടുക്കുന്നതിനും കണക്റ്റഡ് ലോഡ്, ഫേസ് എന്നിവയിൽ മാറ്റം വരുത്തുന്നതിനും ഇനി നിശ്ചിത നിരക്കിൽ പണമടച്ചാൽ മതി. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഓഫീസിലെത്തുന്നതിനുമുള്ള നടപടികൾ ഒഴിവാക്കി പണമടയ്ക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

നേരത്തെ പുതിയ കണക്ഷൻ നൽകാൻ ഓവർഹെഡ് ലൈൻ, വൈദ്യുതിത്തൂൺ, ട്രാൻസ്ഫോർമർ എന്നിവ സ്ഥാപിക്കേണ്ടിവന്നാൽ അതിന്റെ മുഴുവൻ ചെലവും ഉപഭോക്താവ് വഹിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം ആവശ്യപ്പെടുന്ന കണക്റ്റഡ് ലോഡിന് അനുസരിച്ചുള്ള നിശ്ചിത തുക അടച്ചാൽ മതിയാകും. നിശ്ചിത തുക അപേക്ഷാ ഫീസിനൊപ്പം അടയ്ക്കാം. ഇതിനായി ഫീൽഡ് പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതില്ല.

നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ പരിധിക്കുള്ളിലുള്ള കണക്ഷനുകൾക്കാണ് ആദ്യഘട്ടത്തിൽ പെർ കെവിഎ നിരക്ക് ബാധകമാകുന്നത്. 35 മീറ്റർ വെതർപ്രൂഫ് വയറിനു പുറമേയുള്ള പരിധിയാണിത്. 1,000 കെവിഎ വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

*ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ സ്ലാബ്*

10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കൾക്ക് സ്ലാബ് അടിസ്ഥാനത്തിലാണ് പുതിയ കണക്ഷൻ നിരക്ക്. രണ്ട് കിലോവാട്ട് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കായി 2,000 രൂപയുടെ പുതിയ സ്ലാബും ഉൾപ്പെടുത്തിയിട്ടുണ്ട്.

*പുതുക്കിയ നിരക്കുകൾ ഇങ്ങനെ:*

- 2 കിലോവാട്ട് വരെ ഗാർഹിക കണക്ഷൻ: ₹2,000

- 1 കിലോവാട്ട് വരെ മറ്റ് ഉപഭോക്താക്കൾ: ₹2,500

- 1 മുതൽ 2 കിലോവാട്ട് വരെ: ₹3,000

- 2 മുതൽ 5 കിലോവാട്ട് വരെ: ₹5,000

- 5 മുതൽ 7 കിലോവാട്ട് വരെ: ₹8,000

- 7 മുതൽ 10 കിലോവാട്ട് വരെ: ₹10,000

10 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകൾക്ക് കണക്റ്റഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അടിസ്ഥാനമാക്കി കെവിഎ/കിലോവാട്ട് നിരക്കുകളാണ് ബാധകമാകുന്നത്.

10 മുതൽ 30 കെവിഎ/കിലോവാട്ട് വരെ യൂണിറ്റിന് ₹1,560, 30 മുതൽ 40 വരെ ₹2,890, 40 മുതൽ 50 വരെ ₹4,225, 50 മുതൽ 100 വരെ ₹5,670 എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

പുതിയ നിരക്കുകൾ ദുർഘടമേഖലകളിൽ കണക്ഷൻ എടുക്കുന്നവർക്കും ആശ്വാസമാകും. നാല് പോസ്റ്റുകൾ ഉൾപ്പെടെ 200 മീറ്റർ ഓവർഹെഡ് ലൈൻ സ്ഥാപിച്ച് കണക്ഷൻ നൽകുന്നതിന് മുമ്പ് ഈടാക്കിയിരുന്ന 51,425 രൂപ 5,000 രൂപയായി കുറച്ചിട്ടുണ്ട്. ഓവർഹെഡ് ലൈനും പോസ്റ്റുകളും ആവശ്യമായ മറ്റ് സ്ലാബുകളിലും നിരക്കുകൾ കുറച്ചിട്ടുണ്ട്. ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ട കണക്ഷനുകൾക്കും പഴയ നിരക്കുകളെ അപേക്ഷിച്ച് ചെലവ് കുറയും. വ്യവസായ, വാണിജ്യ ഉപഭോക്താക്കൾക്കും ഇത് പ്രയോജനകരമാകും.

*ഫേസ് മാറ്റത്തിനും ഹൈ ടെൻഷൻ കണക്ഷനും ഇളവ്*

കണക്റ്റഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫേസിൽനിന്ന് ത്രീ ഫേസിലേക്ക് മാറുന്നതിന് കിലോവാട്ടിന് 700 രൂപ നൽകിയാൽ മതിയാകും. ഫേസ് മാറ്റത്തിനുശേഷം ആകെ കണക്റ്റഡ് ലോഡ് 10 കിലോവാട്ടിന് മുകളിലാണെങ്കിൽ മാത്രമേ അധിക ലോഡിനുള്ള തുക അടയ്ക്കേണ്ടതുള്ളൂ. മുഴുവൻ കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിലല്ല, അധികമായി വരുന്ന ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് കണക്കാക്കിയാണ് തുക ഈടാക്കുക.

റിങ് മെയിൻ യൂണിറ്റ് ആവശ്യമില്ലാത്ത ഹൈ ടെൻഷൻ കണക്ഷനുകൾക്ക് കെവിഎയ്ക്ക് 1,800 രൂപയാണ് നിരക്ക്. ഇതിന് പരമാവധി അഞ്ച് ലക്ഷം രൂപയായി പരിധിയും നിശ്ചയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387141/kseb-new-electricity-connection-charges-reduced-90-percent-october-2026)