---
title: "മദ്യപിച്ച് വാഹനമോടിക്കൽ: തളിപ്പറമ്പിൽ പരിശോധന ശക്തമാക്കി പോലീസ്; ആറ് പേർക്കെതിരെ കേസ്"
english_title: "Taliparamba Police Strict Action Against Drunk Driving Six Cases Nedumbassery Mini Cooper Incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387167/taliparamba-police-drunk-driving-check-six-cases-registered"
published_at: "2026-10-15T11:30:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad06c6e7077c_1000925980.jpg"
keywords: ["Taliparamba News", "Drunk and Drive", "Kerala Police", "Taliparamba Police", "Traffic Check"]
---

# മദ്യപിച്ച് വാഹനമോടിക്കൽ: തളിപ്പറമ്പിൽ പരിശോധന ശക്തമാക്കി പോലീസ്; ആറ് പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി തളിപ്പറമ്പ് പോലീസ്.

## Article Content

തളിപ്പറമ്പ്: രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി തളിപ്പറമ്പ് പോലീസ്.

നെടുമ്പാശേരിയിൽ അടുത്തിടെ ഉണ്ടായ മിനികൂപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകൾ കർക്കശമാക്കിയത്. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയിലും രാത്രികാല വാഹന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

തളിപ്പറമ്പ് എസ്.ഐ വി. സിജിൽ, എസ്.ഐ ഹേമന്ത് കുമാർ, എസ്.ഐ കെ.പി മനോജ്, സി.പി.ഒമാരായ മഹേഷ്, ശിവദാസൻ, അനുരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്.

പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ആറ് പേർക്കെതിരെ കേസെടുത്തു. ഇവർ സഞ്ചരിച്ച വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ കരിമ്പം ഇ.ടി.സിക്ക് സമീപം വെച്ച് കെ.എൽ-59 എക്സ്-6426 ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്ത പട്ടുവം അരിയിലെ കെ.വി ഷംസുദ്ദീൻ (35), പോസ്റ്റ് ഓഫീസ് റോഡിൽ വെച്ച് കെ.എൽ-59 എ.ബി-0704 ജൂപ്പിറ്ററിൽ യാത്ര ചെയ്ത കരിമ്പം സ്വദേശി മുഹമ്മദ് കുഞ്ഞ് (45), കെ.എൽ-59 പി-35 നമ്പർ പൾസറിൽ യാത്ര ചെയ്ത കുറുമാത്തൂർ താനിക്കുന്നിലെ കെ.വി പ്രണവ് (30), കെ.എൽ-59 എ.സി-7581 ജൂപ്പിറ്ററിൽ യാത്ര ചെയ്ത തളിപ്പറമ്പ് മുക്കോലയിലെ പി.കെ അർഷാദ് (32),

കെ.എൽ-86 ബി-6995 പൾസറിൽ സഞ്ചരിച്ച കടന്നപ്പള്ളി മംഗലശേരിയിലെ പി. രാഹുൽ (29), കെ.എൽ-59 എ.ബി-4854 സ്കൂട്ടറിൽ യാത്ര ചെയ്ത പരിയാരം ചിതപ്പിലെ പൊയിലിലെ കെ. ജസ്റ്റിൻ വിനോദ് (42) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

രാത്രികാലങ്ങളിൽ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിലും തളിപ്പറമ്പ് മേഖലയിൽ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387167/taliparamba-police-drunk-driving-check-six-cases-registered)