---
title: "വർണ വിളക്കുകളിൽ തിളങ്ങുന്ന കണ്ണൂർ നഗരം കാണാൻ ഡബിൾ ഡെക്കർ ബസ്; ദസറ നൈറ്റ് റൈഡ് ആരംഭിച്ചു"
english_title: "Kannur Dasara Night Ride KSRTC Double Decker Bus Service City Tour"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387232/kannur-dasara-night-ride-ksrtc-double-decker-bus-service"
published_at: "2026-10-15T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0c6aea0fa7_1000926897.jpg"
keywords: ["Dasara Festival", "KSRTC Double Decker", "Kannur Dasara", "Night Ride"]
---

# വർണ വിളക്കുകളിൽ തിളങ്ങുന്ന കണ്ണൂർ നഗരം കാണാൻ ഡബിൾ ഡെക്കർ ബസ്; ദസറ നൈറ്റ് റൈഡ് ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: വർണ വിളക്കുകളിൽ തെളിഞ്ഞു നിൽക്കുന്ന കണ്ണൂർ നഗരത്തെ ഉയരത്തിലിരുന്ന് കാണുമ്പോഴുള്ള ഭംഗി അനുഭവിച്ചറിയുക തന്നെ വേണം. ദസറ ആഘോഷത്തോടനുബന്ധിച്ച് നിറദീപത്തിൽ തെളിയുന്ന നഗരത്തിലൂടെ യാത്ര ചെയ്യാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് എത്തി.

## Article Content

കണ്ണൂർ: വർണ വിളക്കുകളിൽ തെളിഞ്ഞു നിൽക്കുന്ന കണ്ണൂർ നഗരത്തെ ഉയരത്തിലിരുന്ന് കാണുമ്പോഴുള്ള ഭംഗി അനുഭവിച്ചറിയുക തന്നെ വേണം. ദസറ ആഘോഷത്തോടനുബന്ധിച്ച് നിറദീപത്തിൽ തെളിയുന്ന നഗരത്തിലൂടെ യാത്ര ചെയ്യാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് എത്തി.

പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന യാത്ര 40 മിനിറ്റ് കൊണ്ട് നഗരപ്രദക്ഷിണം നടത്തി തിരിച്ചെത്തും. കണ്ണൂർ ദസറയുടെ ആഘോഷം പുത്തൻ അനുഭവമാക്കാൻ വേണ്ടിയാണ് കണ്ണൂർ നഗരസഭയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ചേർന്നാണ് ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. 10 ദിവസമാണ് ബസ് കണ്ണൂരിൽ സർവീസ് നടത്തുക. 100 രൂപയാണ് ടിക്കറ്റ് ചാർജ്.

മുകൾഭാഗം തുറന്ന ഡബിൾ ഡെക്കർ സവാരിയിൽ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തെ കാണാം. പഴയ ബസ് സ്റ്റാൻഡ്, എകെജി ആശുപത്രി, താണ, പ്ലാസ, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് എന്നിങ്ങനെയാണ് റൂട്ട്. ഒരു റൂട്ടിന് 40 മിനിറ്റാണ് സമയം. വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെയാണ് നിലവിൽ സർവീസ് സമയം.

വിദേശ നഗരങ്ങളിലും മുംബൈ, ഡൽഹി പോലുള്ള ഇന്ത്യൻ മഹാനഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് നടത്തുന്ന നൈറ്റ് റൈഡ് സർവീസ് കേരളത്തിൽ നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഉള്ളത്.

ദസറ നൈറ്റ് റൈഡ് വൻ ഹിറ്റായാൽ ഡബിൾ ഡെക്കർ യാത്ര കണ്ണൂരിൽ സ്ഥിരമാക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്. കുടുംബമായും കൂട്ടുകാരോടൊപ്പവും ഈ കാഴ്ച ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387232/kannur-dasara-night-ride-ksrtc-double-decker-bus-service)