---
title: "പയ്യാമ്പലം ഇനി നിർബന്ധിത മാലിന്യ വിമുക്ത പ്രദേശം; നിയമം ലംഘിച്ചാൽ കർശന നടപടി"
english_title: "Payyambalam Beach Declared Mandatory Waste Free Zone Strict Action Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387413/payyambalam-beach-mandatory-waste-free-zone-strict-action-kannur"
published_at: "2026-10-16T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad253c914eb2_1000929533.jpg"
keywords: ["Payyambalam Beach", "Waste Free Zone", "DTPC", "Kannur Corporation"]
---

# പയ്യാമ്പലം ഇനി നിർബന്ധിത മാലിന്യ വിമുക്ത പ്രദേശം; നിയമം ലംഘിച്ചാൽ കർശന നടപടി

> **Lead Summary:** പയ്യാമ്പലം ബീച്ചും പാർക്കും പരിസരവും നിർബന്ധിത മാലിന്യ വിമുക്ത പ്രദേശമായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

## Article Content

പയ്യാമ്പലം ബീച്ചും പാർക്കും പരിസരവും നിർബന്ധിത മാലിന്യ വിമുക്ത പ്രദേശമായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2026-ലെ ഖര മാലിന്യ നിയന്ത്രണ നിയമം, 2026 മെയ് 18-ന് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്, 2026 മെയ് അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം, മുനിസിപ്പാലിറ്റി നിയമം, ഫുഡ് സേഫ്റ്റി നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിർബന്ധിത മാലിന്യ വിമുക്ത കേന്ദ്രമാകുന്നതോടെ പ്രദേശത്ത് ചപ്പുചവറുകളോ ഖര മാലിന്യമോ നിക്ഷേപിക്കുന്നത് കുറ്റകരമാവും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യും.

ഇക്കാര്യങ്ങൾ പരിശോധിക്കാനും ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്താനും പയ്യാമ്പലം സോൺ മാനേജ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകി. ഡിടിപിസി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ശുചിത്വ മിഷൻ, കേരള സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോസ്റ്റൽ പോലീസ്, മറ്റ് വകുപ്പുകൾ, ജില്ലാ കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് പയ്യാമ്പലം സോൺ മാനേജ്മെന്റ് കമ്മിറ്റി.

പയ്യാമ്പലം ബീച്ച്, പാർക്ക്, പരിസര പ്രദേശങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യ സംസ്കരണം, പുല്ല് ചെത്തൽ, മോടി പിടിപ്പിക്കൽ തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും നേരിട്ട് പരിശോധിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യലാണ് കമ്മിറ്റി അംഗങ്ങളുടെ ചുമതല. ഈ റിപ്പോർട്ട് ആഴ്ചതോറും ക്രോഡീകരിച്ച് ഡിടിപിസി സമർപ്പിക്കണം.

പയ്യാമ്പലം നിർബന്ധിത മാലിന്യമുക്ത കേന്ദ്രമാണെന്ന കാര്യം ബോർഡുകളിലൂടെയും അനൗൺസ്മെന്റുകളിലൂടെയും പ്രദേശവാസികളുടെയും സന്ദർശകരുടെയും കച്ചവടക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തും. അതിനുശേഷമാകും നിയമലംഘനം കണ്ടാൽ നടപടികളിലേക്ക് പോവുക.

പയ്യാമ്പലം സോൺ മാനേജ്മെന്റ് കമ്മിറ്റിക്ക് പുറമേ ഡിടിപിസി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ശുചിത്വ മിഷൻ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിലും പാർക്കിലും പരിസര പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടിയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്.

പയ്യാമ്പലം ബീച്ചും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുന്നതിന് ഭാഗമായി 2026 ഒക്ടോബർ നാലിന് ജില്ലാ ഭരണകൂടത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പ്രദേശത്ത് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387413/payyambalam-beach-mandatory-waste-free-zone-strict-action-kannur)