---
title: "കണ്ണൂരിൽ ഇസ്‌ലാമിക് സെന്ററിന് നേരെ ആക്രമണം: ലീഗ് അനുകൂലികൾക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Attack on Islamic Center Kannur Police Case Against League Supporters Samastha HQ"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388571/kannur-islamic-center-attack-police-case-league-supporters"
published_at: "2026-10-24T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adca16cd3a71_1000947404.jpg"
keywords: ["Kannur News", "Islamic Center Attack", "Samastha", "SKSSF", "Muslim League", "MV Govindan", "Police Case"]
---

# കണ്ണൂരിൽ ഇസ്‌ലാമിക് സെന്ററിന് നേരെ ആക്രമണം: ലീഗ് അനുകൂലികൾക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനമായ ഇസ്‌ലാമിക് സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

## Article Content

കണ്ണൂർ: കണ്ണൂരിൽ സമസ്ത ജില്ലാ ആസ്ഥാനമായ ഇസ്‌ലാമിക് സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എസ്കെഎസ്എസ്എഫ് കൗൺസിൽ യോഗത്തിനിടെയാണ് മുസ്‌ലിം ലീഗ് പ്രവർത്തകർ ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാന മന്ദിരമായ കണ്ണൂർ ഇസ്‌ലാമിക് സെന്ററിന് നേരെയുള്ള ആക്രമണം നടന്നത്. മുസ്‌ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുൻസിപ്പൽ കൗൺസിലറുമായ വി.എൻ മുഹമ്മദിന്റെയും കീഴല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരിയുടെയും നേതൃത്വത്തിലുള്ള 50 ഓളം വരുന്ന മുസ്‌ലിം ലീഗ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. എസ്കെഎസ്എസ്എഫ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം.

ഭരണത്തിന്റെ ഹുങ്കിൽ ലീഗുകാർ അഴിഞ്ഞാടുകയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണം നടത്തിയത് ലീഗ് ക്രിമിനലുകളാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ ആവശ്യപ്പെട്ടു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സംസ്ഥാന സമിതിയംഗം പി ശശി, എംഎൽഎമാരായ കെ.വി സുമേഷ്, വി.കെ സനോജ് തുടങ്ങിയവർ സമസ്ത ആസ്ഥാന മന്ദിരം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388571/kannur-islamic-center-attack-police-case-league-supporters)