---
title: "പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കളം പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിൽ നടപടി സ്വീകരിച്ചു"
english_title: "Pattuvam MRS Kalam Program Complaints Action Collector Meeting ITDP Ragging Issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388883/pattuvam-mrs-kalam-complaints-action-collector-meeting"
published_at: "2026-10-26T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf847418873_1000952420.jpg"
keywords: ["Pattuvam MRS", "Kalam Program", "ITDP", "Collector Kannur", "Model Residential School", "Ragging Complaint"]
---

# പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കളം പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിൽ നടപടി സ്വീകരിച്ചു

> **Lead Summary:** പട്ടുവം: പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കളം പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിൽ നടപടി സ്വീകരിച്ചു.

## Article Content

പട്ടുവം: പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കളം പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിൽ നടപടി സ്വീകരിച്ചു.

കളം പരിപാടിയിൽ പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ കാർഡിലെഴുതി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചു.

2026 ഒക്ടോബർ ആദ്യവാരം നടന്ന കളം പരിപാടിയിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് മുതൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വരെ കുട്ടികൾ കാർഡിൽ എഴുതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ഇക്കാര്യങ്ങളിൽ വിശദീകരണം തേടിയ ശേഷം, സ്കൂൾ അധികൃതരുടെയും പട്ടികവർഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ശിശുസംരക്ഷണ ഓഫീസർമാരുടെയും യോഗം വിളിക്കുകയായിരുന്നു. റാഗിംഗ് തുടങ്ങിയ കാര്യങ്ങളിൽ കർശന നടപടിയെടുക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.

കുട്ടികളുടെ അച്ചടക്കം പ്രധാനമാണ്. ഹോസ്റ്റലിൽ ഡിസിപ്ലിനറി ഇൻചാർജ് ഓഫീസറെ നിയമിക്കുന്നത് പരിഗണിക്കണം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടാവണം. കുട്ടികൾക്കായുള്ള പഠന, വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച പാടില്ല. കുട്ടികളിൽ നിന്നും തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവ തിരുത്തിയെടുക്കുന്നതിനായി അധ്യാപകരിൽ നിന്നും പരിശ്രമം ഉണ്ടാകണം.

സ്കൂളിൽ അധ്യാപകരുടെ സേവനം കുറ്റമറ്റതാകണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും. കുട്ടികളുടെ ഹോസ്റ്റൽ, മെസ് എന്നിവയുമായി ബന്ധപ്പെട്ട പരിമിതികൾ ഉടൻ പരിഹരിക്കണം. ആവശ്യത്തിന് കമ്പ്യൂട്ടറുകൾ, ലാബ് സൗകര്യങ്ങൾ, കെട്ടിട സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാക്കാനും നിർദ്ദേശം നൽകി. കായിക പരിശീലനത്തിലുള്ള സൗകര്യക്കുറവ് പരിഹരിക്കുന്നതിന് ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, തൈക്വാണ്ടോ, ടേബിൾ ടെന്നീസ് എന്നിവയിൽ പരിശീലകരെ നിയമിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.

വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് അവസരമൊരുക്കണം. കൃത്യമായ കായിക പരിശീലനം സ്കൂളിൽ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. എംആർഎസിൽ സ്റ്റേജ് നിർമിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ വായനാമുറി ശാക്തീകരിച്ചതായും എല്ലാം ക്ലാസ്സുകളിലും പത്രം ലഭ്യമാക്കിയതായും സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിൽ ക്വിസ് പോലുള്ള വിജ്ഞാന പരിപാടികൾ നടത്താനും നിർദ്ദേശം നൽകി.

കലാകായിക മുന്നേറ്റത്തിനൊപ്പം പഠനത്തിലും മികവുണ്ടാക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്. ഇതിനായുള്ള തുടർ അവലോകനങ്ങൾ നടക്കുമെന്നും അറിയിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി, ഐ.ടി.ഡി.പി ഓഫീസർ എസ് എസ് സുധീർ, പട്ടുവം എം.ആർ.എസ് പ്രിൻസിപ്പാൾ കെ രതീഷ്, പ്രധാനാധ്യാപകൻ ജോബിഷ് ജോസഫ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388883/pattuvam-mrs-kalam-complaints-action-collector-meeting)