---
title: "തളിപ്പറമ്പിൽ അനധികൃത തെരുവ് കച്ചവടം വ്യാപകം; പെട്ടിക്കടകൾ നീക്കണം,നടപടി വേണമെന്ന് വ്യാപാരികൾ"
english_title: "Taliparamba Unauthorized Street Vending Waste Management Complaint Municipality Traders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388965/taliparamba-unauthorized-street-vending-complaint-traders-municipality"
published_at: "2026-10-27T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae057e15d8c5_1000953567.jpg"
keywords: ["Street Vending", "Municipality Complaint", "Waste Management", "Traders Protest", "Kannur News"]
---

# തളിപ്പറമ്പിൽ അനധികൃത തെരുവ് കച്ചവടം വ്യാപകം; പെട്ടിക്കടകൾ നീക്കണം,നടപടി വേണമെന്ന് വ്യാപാരികൾ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ ദിനംപ്രതി അനധികൃത തെരുവ് കച്ചവടം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ ദിനംപ്രതി അനധികൃത തെരുവ് കച്ചവടം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി.

മുൻസിപ്പൽ ലൈസൻസ് എടുത്ത് നിബന്ധനകൾക്ക് വിധേയമായി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് മുന്നോട്ട് പോകാൻ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പരാതിയിൽ പറയുന്നു. സർക്കാരും മുനിസിപ്പാലിറ്റിയും വഴിയോര കച്ചവടക്കാർക്ക് ആനുകൂല്യം നൽകിയെങ്കിലും ആനുകൂല്യം ലഭിച്ചവർ ഒരു നിബന്ധനയും പാലിക്കാതെ ഗതാഗത തടസ്സം സൃഷ്ടിച്ചും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും അനധികൃത വ്യാപാരം നടത്തുകയാണ്.

മുനിസിപ്പാലിറ്റി അനുവദിച്ച ബങ്കുകൾ പോലും മറിച്ച് വിൽപ്പന നടത്തി മാസം വൻ തുക വാടക വാങ്ങി റോഡിൽ തന്നെ കച്ചവടം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം അധികാരികളുടെ അനുമതി കൂടാതെ പുതുതായി വരുന്ന റവന്യൂ ടവറിന് സമീപത്ത് രാത്രിയുടെ മറവിൽ ഇരുമ്പിൽ തീർത്ത ഷട്ടറോട് കൂടിയ പെട്ടിക്കടകൾ സ്ഥാപിച്ചതായും ഇത് വ്യാപാരികൾക്കും വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കും വലിയ ഭീഷണിയാണെന്നും വ്യാപാരികൾ പറയുന്നു. നഗര മധ്യത്തിൽ അനധികൃതമായി കെട്ടി ഉണ്ടാക്കിയ മുഴുവൻ പെട്ടിക്കടകളും പൊളിച്ചു മാറ്റണമെന്ന് ജനങ്ങൾ അടക്കം ആവശ്യപ്പെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടും പരാതിയിൽ പരാമർശമുണ്ട്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ പുതിയ ഭരണസമിതി നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പൂർണ്ണ പിന്തുണ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നൽകുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ബഹുഭൂരിപക്ഷം വ്യാപാരികളും ഹരിതസേനയിൽ അംഗമായി ഫീസ് കൊടുത്ത് മാലിന്യം നിർമാർജനം ചെയ്യുന്നുണ്ട്. ജില്ലയിൽ തന്നെ മാലിന്യ സംസ്കരണത്തിൽ സ്തുത്യർഹമായ പ്രവർത്തനമാണ് മുനിസിപ്പാലിറ്റി ചെയ്യുന്നത്.

എന്നാൽ മാലിന്യ സംസ്കരണത്തിന്റെ പേരിൽ ഫീസ് നൽകിയിട്ടും മാലിന്യം നിർമാർജനം ചെയ്യപ്പെടാതെ ഒരുപാട് വ്യാപാരികൾ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ച് പച്ചക്കറി മാലിന്യം സംസ്കരിക്കുന്നതിനുള്ള പദ്ധതി പൂർത്തിയായിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. പുതിയ പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി വ്യാപാരികളെ സഹായിക്കണമെന്നും വ്യാപാരികൾ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388965/taliparamba-unauthorized-street-vending-complaint-traders-municipality)