---
title: "തളിപ്പറമ്പ് ടൗണിൽ പാർക്കിംഗ് തോന്നിയപോലെ; കാൽനടയാത്രക്കാർക്ക് വഴിയില്ല!"
english_title: "Taliparamba Illegal Parking Issue Pedestrians Struggling Online Press Club Demands Action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389124/taliparamba-illegal-parking-pedestrian-issue-online-press-club-demand"
published_at: "2026-10-28T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae19993b4446_1000955630.jpg"
keywords: ["Taliparamba News", "Illegal Parking", "Traffic Issue", "Online Press Club", "Kannur News", "Taliparamba Municipality"]
---

# തളിപ്പറമ്പ് ടൗണിൽ പാർക്കിംഗ് തോന്നിയപോലെ; കാൽനടയാത്രക്കാർക്ക് വഴിയില്ല!

> **Lead Summary:** തളിപ്പറമ്പ്: നഗരത്തിലെ അനധികൃത പാർക്കിംഗ് നിയന്ത്രണാതീതമാകുന്നതോടെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ദുരിതത്തിൽ. മെയിൻ റോഡ്, ഹൈവേ കോഫി ഹൗസിന് സമീപം, പുതിയ വെയ്റ്റിംഗ് ഷെഡിന് സമീപം, സീബ്രാ ലൈനുകൾ, ഫുട്പാത്തുകൾ തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതത്തിനും കാൽനടയാത്രയ്ക്കും വലിയ തടസ്സമാകുകയാണ്.

## Article Content

തളിപ്പറമ്പ്: നഗരത്തിലെ അനധികൃത പാർക്കിംഗ് നിയന്ത്രണാതീതമാകുന്നതോടെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ദുരിതത്തിൽ. മെയിൻ റോഡ്, ഹൈവേ കോഫി ഹൗസിന് സമീപം, പുതിയ വെയ്റ്റിംഗ് ഷെഡിന് സമീപം, സീബ്രാ ലൈനുകൾ, ഫുട്പാത്തുകൾ തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതത്തിനും കാൽനടയാത്രയ്ക്കും വലിയ തടസ്സമാകുകയാണ്.

വാഹനങ്ങൾ തോന്നിയതുപോലെ പാർക്ക് ചെയ്യുന്നതിനാൽ ഫുട്പാത്തിലൂടെ നടക്കാനും ഹൈവേ മുറിച്ചുകടക്കാനും കഴിയാത്ത സാഹചര്യമാണ് പല ഭാഗങ്ങളിലുമുള്ളത്. കാൽനടയാത്രക്കാരുടെയും വയോധികരുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് നഗരസഭയും ട്രാഫിക് പോലീസും അടിയന്തരമായി ഇടപെടണമെന്ന് തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു.

നഗരത്തിലെ ചില കെട്ടിടങ്ങളിലെ ട്രാഫിക്കിനും പാർക്കിംഗിനുമായി ഉപയോഗിക്കേണ്ട സ്ഥലങ്ങൾ ഗോഡൗണുകളായും കടകളായും മാറ്റിയിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. റോഡരികിലെ ചായക്കടകൾ, കൂൾബാറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കു മുന്നിൽ പാർക്കിംഗിനായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിൽ കസേരകളും മേശകളും നിരത്തുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. ഇതോടെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടാണ് പലരും കച്ചവടം നടത്തുന്നത്.

അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനൊപ്പം നഗരത്തിലെ പാർക്കിംഗ് മേഖലകൾ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. പാർക്കിംഗിനായി നീക്കിവെച്ച സ്ഥലങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ഓൺലൈൻ പ്രസ്സ് ക്ലബ്ബ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389124/taliparamba-illegal-parking-pedestrian-issue-online-press-club-demand)