---
title: "ട്രെയിനുകളിൽ രാത്രി മൊബൈൽ ചാർജിംഗിന് വിലക്ക്; നിയന്ത്രണം കടുപ്പിച്ച് റെയിൽവേ"
english_title: "Indian Railways Restricts Mobile Charging Night 11PM to 5AM Ban Safety Measure"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389168/indian-railways-night-mobile-charging-ban-11pm-5am-restriction"
published_at: "2026-10-28T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1ce59385c3_1000956263.jpg"
keywords: ["Indian Railways", "Mobile Charging Ban", "Train News", "Railway Safety", "National News"]
---

# ട്രെയിനുകളിൽ രാത്രി മൊബൈൽ ചാർജിംഗിന് വിലക്ക്; നിയന്ത്രണം കടുപ്പിച്ച് റെയിൽവേ

> **Lead Summary:** ന്യൂഡൽഹി: ട്രെയിനുകളിലെ മൊബൈൽ ചാർജിംഗിന് കർശന നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. പുതിയ തീരുമാനപ്രകാരം രാത്രി 11നും രാവിലെ അഞ്ചിനുമിടയിൽ ട്രെയിനുകളിലെ മൊബൈൽ ചാർജിംഗ് പോയിന്റുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. ഇതുസംബന്ധിച്ച് എല്ലാ റെയിൽവേ സോണുകൾക്കും ബോർഡ് കർശന നിർദേശം നൽകി.

## Article Content

ന്യൂഡൽഹി: ട്രെയിനുകളിലെ മൊബൈൽ ചാർജിംഗിന് കർശന നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. പുതിയ തീരുമാനപ്രകാരം രാത്രി 11നും രാവിലെ അഞ്ചിനുമിടയിൽ ട്രെയിനുകളിലെ മൊബൈൽ ചാർജിംഗ് പോയിന്റുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. ഇതുസംബന്ധിച്ച് എല്ലാ റെയിൽവേ സോണുകൾക്കും ബോർഡ് കർശന നിർദേശം നൽകി.

സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ മുംബൈ ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കോച്ചിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം കർക്കശമാക്കുന്നത്. യാത്രയിൽ ഇനി മൊബൈൽ ഫോണോ ലാപ്ടോപ്പോ ട്രെയിനിൽ വച്ച് രാത്രിയിൽ ചാർജ് ചെയ്യാമെന്നു കരുതി പോകേണ്ടതില്ല.

ഈ കാര്യത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് കഴിഞ്ഞ 26ന് അയച്ച കത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. ആറു മണിക്കൂർ വരുന്ന ഈ സമയപരിധിയിൽ എല്ലാ കോച്ചുകളിലെയും ചാർജിംഗ് പോയിന്റുകൾ ഓഫാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നിർദേശങ്ങളും നൽകാൻ സോണൽ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും മിന്നൽ പരിശോധന നടത്തും. രാത്രി യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ മൊബൈൽ ഫോണുകളും മറ്റ് അത്യന്താപേക്ഷിത ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, പവർ ബാങ്ക് കൊണ്ടുവന്നു ചാർജ് ചെയ്യുന്നതും കർശനമായി തടയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ് റെയിൽവേയുടെ തീരുമാനമെന്ന് ഒരു വിഭാഗം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. തിരക്കിട്ട് ട്രെയിൻ കയറാൻ എത്തുന്നവരും ഓഫീസുകളിൽനിന്ന് ഓടി വന്നു കയറുന്നവരുമൊക്കെ ബുദ്ധിമുട്ടും. ബസുകളിൽ ദീർഘദൂരം യാത്ര ചെയ്തിട്ട് വന്നു ട്രെയിനിൽ കയറുന്നവരും ഇനി ട്രെയിനിൽ വച്ച് ഫോൺ ചാർജ് ചെയ്യാമെന്നു കരുതി വരേണ്ടതില്ല. രാത്രിയിൽ ചാർജ് തീർന്നുപോയാൽ കാത്തുനിൽക്കുന്നവരോ ബന്ധുക്കളോ ആയി ബന്ധപ്പെടാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലെത്തും. വീഡിയോകളും സിനിമകളും കാണുന്നതായിരുന്നു ട്രെയിൻ യാത്രക്കാരുടെ പ്രധാന സമയംപോക്ക്. എന്നാൽ, വീഡിയോ കാണാൻ നിന്നാൽ ചാർജ് പെട്ടെന്ന് തീരുമെന്നതിനാൽ ഇതും വിനയാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389168/indian-railways-night-mobile-charging-ban-11pm-5am-restriction)