---
title: "ഹോട്ടലുകളിൽ കുടിവെള്ളം നൽകണം കുപ്പി വെള്ളം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം, തളിപ്പറമ്പ് നഗരസഭ"
english_title: "Taliparamba Municipality Food Safety Crackdown Hotels Health Card Meeting Nov 5"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389176/taliparamba-hotels-food-safety-chairman-pk-subair-nov-5-meeting"
published_at: "2026-10-28T16:54:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1db6b6a535_1000956400.jpg"
keywords: ["Taliparamba Municipality", "Food Safety", "Hotel Inspection", "PK Subair", "Kannur News"]
---

# ഹോട്ടലുകളിൽ കുടിവെള്ളം നൽകണം കുപ്പി വെള്ളം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം, തളിപ്പറമ്പ് നഗരസഭ

> **Lead Summary:** തളിപ്പറമ്പ്: നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിൽ കച്ചവടക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

തളിപ്പറമ്പ്: നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിൽ കച്ചവടക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭയിൽ ചേർന്ന വാർഡ് കൗൺസിൽ യോഗത്തിലാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായത്. വാർഡ് 13 അള്ളാംകുളത്തെ കൗൺസിലർ ഫൈസൽ ചെറുകുന്നോൻ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചു.

പല ഹോട്ടലുകളിലും ചായക്കടകളിലും ഉപഭോക്താക്കൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതി. തിളപ്പിച്ചാറ്റിയ വെള്ളം നൽകുന്നതിന് പകരം കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്ന സാഹചര്യങ്ങളുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

റോഡരികിലെ പൊടിയും മലിനീകരണവും നിറഞ്ഞ അന്തരീക്ഷത്തിൽ ഭക്ഷണം വിളമ്പുന്നതും ഭക്ഷ്യവസ്തുക്കൾ തുറന്നുവെക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ചായ, പാൽ, പലഹാരങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ മൂടി സൂക്ഷിക്കാത്തതും ശുചിത്വം പാലിക്കാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നതും ആശങ്കാജനകമാണ്. ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിലും സൂക്ഷിക്കുന്നതിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലേക്കും തട്ടുകടകളിലേക്കും ചായക്കടകളിലേക്കും ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ആവശ്യമായ ഫുഡ് സേഫ്റ്റി സർട്ടിഫിക്കേഷൻ ഉറപ്പാക്കണം. സ്ഥാപന ഉടമകൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തം കാണിക്കണമെന്നും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

പല സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി മതിയായ ശുചിമുറി സൗകര്യങ്ങൾ ഇല്ലെന്ന പരാതിയും യോഗത്തിൽ ഉയർന്നു. ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങൾ ശുചിത്വത്തിന് മുൻഗണന നൽകുകയും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. നവംബർ 5 ന് മുമ്പ് ഹോട്ടൽ ഉടമകളുടെയും പലഹാരം നിർമിക്കുന്നവരുടെയും യോഗം വിളിച്ചു ചേർത്ത് ഇതിന് പരിഹാരം കാണാനും ചെയർപേഴ്സൻനിർദ്ദേശം നൽകി. ജനങ്ങളുടെ ആരോഗ്യസംരക്ഷണം കച്ചവടക്കാരുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389176/taliparamba-hotels-food-safety-chairman-pk-subair-nov-5-meeting)