---
title: "32 ലക്ഷത്തിന്റെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കോൺഗ്രസ് നേതാവിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു"
english_title: "Taliparamba Online Trading Fraud 32 Lakh Dubai Nurse Cyber Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389203/dubai-nurse-online-trading-fraud-32-lakh-cyber-police-case-kannur"
published_at: "2026-10-28T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2214c1fd77_1000957051.jpg"
keywords: ["Cyber-crime", "Kannur rural cyber police", "Online trading froud"]
---

# 32 ലക്ഷത്തിന്റെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കോൺഗ്രസ് നേതാവിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു

> **Lead Summary:** കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് മരുമകളുടെ 32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കണ്ണൂർ റൂറൽ സൈബർ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് മരുമകളുടെ 32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കണ്ണൂർ റൂറൽ സൈബർ പോലീസ് കേസെടുത്തു.

കരുവഞ്ചാൽ വെള്ളാട്ടെ അറക്കൽ വീട്ടിൽ എ.ഡി. സാബുസ് (60) ആണ് പരാതിക്കാരൻ. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. ഷാജിയാണ് കേസ് അന്വേഷിക്കുന്നത്.

സാബൂസിന്റെ സഹോദരിയുടെ മകളും ദുബായിൽ നഴ്സുമായ ഇരിട്ടി കരിക്കോട്ടക്കരി കൂമന്തോട് വടക്കേകുറ്റ് വീട്ടിൽ സോണിയ ജേക്കബിന്റെയും ഭർത്താവ് ടോമി ജേക്കബിന്റെയും 32 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഏയ്ഞ്ചൽ സെബാസ്റ്റ്യൻ സൈബർ സ്പേസ് എന്ന വ്യക്തിക്കെതിരെയാണ് പരാതി.

ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വാട്സാപ്പിലൂടെ വിളിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സോണിയയുടെ ദുബായിലെ മാഷ്റാക്ക് ബാങ്ക് ക്രെഡിറ്റ് കാർഡ്, ഭർത്താവ് ടോമി ജേക്കബിന്റെ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ എ.ഇ.ഡി അക്കൗണ്ട് എന്നിവ വഴി 2025 ഡിസംബർ 2 മുതൽ 2026 ജനുവരി 1 വരെയുള്ള കാലയളവിൽ 14 തവണകളിലായി 32 ലക്ഷം രൂപ (35,610.01 യു.എ.ഇ ദിർഹം) കൈപ്പറ്റിയെന്നാണ് പരാതി. പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതലോ തിരികെ നൽകാതെ ഓൺലൈൻ തട്ടിപ്പ് നടത്തി ചതിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389203/dubai-nurse-online-trading-fraud-32-lakh-cyber-police-case-kannur)