---
title: "വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ല; സ്വകാര്യ ബസുകൾക്കെതിരെ നടപടിക്ക് നിർദേശം നൽകി കലക്ടർ"
english_title: "Kannur Collector Kalam Program Students Bus Issue Private Buses Action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389230/kannur-collector-kalam-program-students-bus-complaint-action"
published_at: "2026-10-29T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2c6478a16d_1000957139.jpg"
keywords: ["Kannur Collector", "Kalam Program", "Student Issues", "Private Bus Complaint", "Chinmaya Vidyalaya"]
---

# വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ല; സ്വകാര്യ ബസുകൾക്കെതിരെ നടപടിക്ക് നിർദേശം നൽകി കലക്ടർ

> **Lead Summary:** കണ്ണൂർ: സ്വകാര്യ ബസുകൾ സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയിൽ ഇത്തരം ബസുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകി. കുട്ടികളുമായുള്ള പ്രതിവാര സംവാദം 'കളം' പരിപാടിയിൽ ഉയർന്ന പരാതിയിലാണ് നടപടി.

## Article Content

കണ്ണൂർ: സ്വകാര്യ ബസുകൾ സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയിൽ ഇത്തരം ബസുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകി. കുട്ടികളുമായുള്ള പ്രതിവാര സംവാദം 'കളം' പരിപാടിയിൽ ഉയർന്ന പരാതിയിലാണ് നടപടി.

കണ്ണൂർ ചിന്മയ വിദ്യാലയത്തിലെയും തളിപ്പറമ്പ് സീതി സാഹിബ് സ്കൂളിലെയും വിദ്യാർത്ഥികളുമായിരുന്നു ഇത്തവണ കളം സംവാദത്തിലെ അതിഥികൾ. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കുട്ടികൾ പ്രധാനമായും ആശങ്കകൾ പങ്കുവെച്ചത്. ഗതാഗതക്കുരുക്കും ബസുകൾ നിർത്താതെ പോകുന്ന സംഭവങ്ങളും കുട്ടികൾ ഉന്നയിച്ചു.

മേലെ ചൊവ്വയിലും മറ്റും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പ് കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും കുട്ടികൾ ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് അൽപ്പം മാറി താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനത്തിന്റെ പ്രാധാന്യവും ചർച്ചയായി. ദേശീയ പാത ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും പറഞ്ഞു. കെഎസ്ആർടിസി സ്റ്റുഡന്റ്സ് പാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിദ്യാർത്ഥികൾ ഉന്നയിച്ചു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്നും ലിംഗഭേദമന്യേ എല്ലാവർക്കും ഭീതിയില്ലാതെയും ആത്മവിശ്വാസത്തോടെയും പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യം വേണമെന്നും അതിക്രമങ്ങളുണ്ടായാൽ ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങൾ കൂടെയുണ്ടാവുന്ന വിശ്വാസം സമൂഹത്തിൽ സൃഷ്ടിക്കാനാവണമെന്നും നിയമം കർക്കശമായി നടപ്പിലാക്കപ്പെടുന്ന സാഹചര്യമുണ്ടാവണമെന്നും കൂട്ടിച്ചേർത്തു.

കുട്ടികളായിരിക്കുമ്പോൾ തന്നെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ചാലകശക്തിയായി മാറാൻ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും നല്ല കാര്യങ്ങൾ ചെയ്യാൻ വലുതാകുന്നത് വരെ കാത്തുനിൽക്കേണ്ടതില്ലെന്നും പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ആശംസാ കാർഡുകൾ സമ്മാനിക്കുകയും അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കാർഡിൽ എഴുതി വാങ്ങുകയും ചെയ്തു. കളം പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സജീവമായ ഇടപെടലുകൾ നടത്തുമെന്നും ഉറപ്പുനൽകി.

അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി കുട്ടികൾക്കായി ക്ലാസെടുത്തു. ജില്ലാ കലക്ടറുടെ ഇന്റേൺസ് ടീമാണ് പ്രതിവാര കളം പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389230/kannur-collector-kalam-program-students-bus-complaint-action)