---
title: "വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ"
english_title: "BLM Group Chairman R Premkumar Arrested Crime Branch Financial Fraud Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389234/blm-group-chairman-r-premkumar-arrested-financial-fraud-case-crime-branch"
published_at: "2026-10-29T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2ced381ef8_1000957619.jpg"
keywords: ["BLM Group", "R Premkumar Arrest", "Crime Branch", "Financial Fraud Kerala", "Investment Scam"]
---

# വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ

> **Lead Summary:** ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വൻതുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വഞ്ചിച്ചെന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി

## Article Content

ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വൻതുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വഞ്ചിച്ചെന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി

മാസങ്ങളായി പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിരീക്ഷണത്തിലായിരുന്ന പ്രേംകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രേംകുമാറിനെ ചോദ്യം ചെയ്തുവരികയാണ്. സൊസൈറ്റി വഴി സ്വീകരിച്ച പണം എവിടെയൊക്കെ നിക്ഷേപിച്ചു, ആരൊക്കെയാണ് ഈ സാമ്പത്തിക തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത് എന്നീ കാര്യങ്ങളിലാണ് അന്വേഷണ സംഘം വ്യക്തത വരുത്തുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിൽ നിന്ന് തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വ്യാപിപ്പിക്കാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. ബി.എൽ.എമ്മിന്റെ നിക്ഷേപം പ്രേംകുമാർ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഇതിന്റെ തെളിവുകൾ പ്രേംകുമാറിനെതിരെ ക്രൈംബ്രാഞ്ച് ശേഖരിച്ചു. സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് സമാന്തരമായി ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കമ്പ്യൂട്ടറുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. വിദേശത്തടക്കം പണം കടത്തിയിട്ടുണ്ടോ എന്ന കാര്യവും സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷിക്കും.

പ്രേംകുമാറിന്റെ സാമ്പത്തിക തട്ടിപ്പിൽ പെട്ട് സാധാരണക്കാരായ നിരവധി കുടുംബങ്ങളുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത്. റിട്ടയർമെന്റ് ആനുകൂല്യങ്ങളും വീട് വിറ്റുകിട്ടിയ തുകയും വരെ സ്ഥാപനത്തിൽ നിക്ഷേപിച്ചവർ ഇരകളുടെ കൂട്ടത്തിലുണ്ട്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇരകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. പലവിധ അവകാശവാദങ്ങൾ ഉന്നയിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കും.

തട്ടിപ്പിലൂടെ സമ്പാദിച്ച വസ്തുവകകളും സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ബി.എൽ.എം ഗ്രൂപ്പിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. വഞ്ചിക്കപ്പെട്ടവർ ഇനിയും പരാതികളുമായി മുന്നോട്ട് വരണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

തളിപ്പറമ്പിലും നിരവധി ആളുകൾ ഈ തട്ടിപ്പിൽ പെട്ടുപോയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389234/blm-group-chairman-r-premkumar-arrested-financial-fraud-case-crime-branch)