---
title: "മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം; അണികൾക്ക് താക്കീതുമായി പി. ജയരാജൻ"
english_title: "P Jayarajan Against Cyber Attack On Mammootty CPI(M) Row"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389280/p-jayarajan-against-cyber-attack-on-mammootty"
published_at: "2026-10-29T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2ffc37f9cd_1000958155.jpg"
keywords: ["P Jayarajan", "Mammootty", "Cyber Attack", "CPI(M)", "SFI DYFI Controversy", "Kannur News"]
---

# മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം; അണികൾക്ക് താക്കീതുമായി പി. ജയരാജൻ

> **Lead Summary:** കണ്ണൂർ: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം ഒരുക്കാൻ ചിലർ നടത്തുന്ന അജണ്ട തിരുത്തേണ്ടതുണ്ടെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

കണ്ണൂർ: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം ഒരുക്കാൻ ചിലർ നടത്തുന്ന അജണ്ട തിരുത്തേണ്ടതുണ്ടെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണമായും പരിഹരിക്കപ്പെട്ടതാണ്. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്.

തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളോടെയാണെന്നും പി. ജയരാജൻ പറഞ്ഞു.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ലെന്നും പി. ജയരാജൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മമ്മൂട്ടിയെ സന്ദർശിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ വിമർശിച്ച് സൈബർ അണികൾ രംഗത്തെത്തിയിരുന്നു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

എന്നാൽ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന പി. ജയരാജന്റെ 'തിരുത്തി'ന് താഴെയും വിമർശനം ശക്തമാണ്. 'സഖാവെ… അങ്ങയോടുള്ള ബഹുമാനം കളയരുത്' എന്നടക്കം രൂക്ഷവിമർശനമാണ് ഉയരുന്നത്.

*പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-*

മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്.

തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല.

പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല.

കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389280/p-jayarajan-against-cyber-attack-on-mammootty)