---
title: "പഴയങ്ങാടി അടുത്തില മഹാവിഷ്ണുക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ അടച്ചു; വ്യാപക പ്രതിഷേധം"
english_title: "Pazhayangadi Aduthila Mahavishnu Temple Road Blocked Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389286/pazhayangadi-aduthila-temple-road-blocked-night"
published_at: "2026-10-29T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae308bb9d2eb_1000958272.jpg"
keywords: ["Pazhayangadi News", "Aduthila Temple", "Paranthatt Temple", "Temple Land Encroachment", "Kannur News"]
---

# പഴയങ്ങാടി അടുത്തില മഹാവിഷ്ണുക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ അടച്ചു; വ്യാപക പ്രതിഷേധം

> **Lead Summary:** പഴയങ്ങാടി: പ്രസിദ്ധമായ അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്ര (പാറന്തട്ട അമ്പലം)ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘം അടച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.

## Article Content

പഴയങ്ങാടി: പ്രസിദ്ധമായ അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്ര (പാറന്തട്ട അമ്പലം)ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘം അടച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.

ഇന്ന് പുലർച്ചെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരാണ് സംഭവം കണ്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്ര പ്രവേശനകവാടത്തിലെ റോഡ് ഒരു സംഘം അടച്ചതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

ഇന്നലെ രാത്രി 12 മണി വരെ ക്ഷേത്രജീവനക്കാരും മറ്റും ക്ഷേത്രാവശ്യങ്ങൾക്കായി ഇവിടെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം.

അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്രത്തിലെ പ്രധാനദേവന്റെയും ഉപദേവന്റെയും ക്ഷേത്രത്തിന് മധ്യേ ക്ഷേത്ര ഭൂമി കയ്യേറി സ്വകാര്യവ്യക്തികൾ ചേർന്ന് റോഡ് നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്ര സംബന്ധമായ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു.

ക്ഷേത്ര ഭൂമി കയ്യേറി നിർമ്മിച്ച റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റവന്യൂ അധികൃതർ അത് നടപ്പാക്കുകയും ചെയ്തു. തർക്കത്തെ തുടർന്ന് നേരത്തെ ക്ഷേത്ര ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി ജില്ലാ കളക്ടർക്ക് നിർദേശവും നൽകിയിരുന്നു. ക്ഷേത്രനട കയ്യേറി എന്ന് പറയുന്ന സ്ഥലം പുനഃസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകിയിരുന്നു. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കിയതിനു പിന്നാലെയാണ് ക്ഷേത്രത്തിലേക്ക് പഞ്ചായത്ത് നിർമ്മിച്ച റോഡ് ചിലർ രാത്രിയുടെ മറവിൽ ചെങ്കല്ല് കെട്ടി അടച്ചതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.

പൊതു റോഡ് അടച്ചതിന് പഞ്ചായത്തിലും പഴയങ്ങാടി പോലീസിലും ക്ഷേത്രഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച സാഹചര്യത്തിൽ കേസെടുക്കാൻ പഴയങ്ങാടി പോലീസ് ശ്രമം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389286/pazhayangadi-aduthila-temple-road-blocked-night)