---
title: "പിലാത്തറ-മാതമംഗലം റോഡ്: മെറ്റലിട്ട് ആഴ്ചകളായിട്ടും ടാറിങ് ഇല്ല, പൊടിദുരിതത്തിൽ ജനങ്ങൾ"
english_title: "Pilathara Mathamangalam Road Work Delay Dust Problem Public Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389325/pilathara-mathamangalam-road-work-delay-dust-public-suffering"
published_at: "2026-10-29T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3605befcfa_1000959148.jpg"
keywords: ["Pilathara Mathamangalam Road", "Road Construction Delay", "Kannur Road News", "Public Suffering", "Mathamangalam News"]
---

# പിലാത്തറ-മാതമംഗലം റോഡ്: മെറ്റലിട്ട് ആഴ്ചകളായിട്ടും ടാറിങ് ഇല്ല, പൊടിദുരിതത്തിൽ ജനങ്ങൾ

> **Lead Summary:** മാതമംഗലം: റോഡിളക്കി മെറ്റൽ ഇട്ടിട്ട് ആഴ്ചകളായിട്ടും പിന്നീട് യാതൊരു പണിയും നടത്താതെ കരാറുകാർ. ഇതിനെ തുടർന്ന് പൊടിദുരിതത്തിൽ ജനങ്ങളും യാത്രക്കാരും വ്യാപാരികളും.

## Article Content

മാതമംഗലം: റോഡിളക്കി മെറ്റൽ ഇട്ടിട്ട് ആഴ്ചകളായിട്ടും പിന്നീട് യാതൊരു പണിയും നടത്താതെ കരാറുകാർ. ഇതിനെ തുടർന്ന് പൊടിദുരിതത്തിൽ ജനങ്ങളും യാത്രക്കാരും വ്യാപാരികളും.

റോഡിൽ വെള്ളമടിച്ച് ദുരിതം കുറയ്ക്കാനുള്ള സംവിധാനം പോലും കരാറുകാരോ എഞ്ചിനീയർമാരോ ചെയ്യുന്നില്ല. മാത്രമല്ല റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ പോലും നിലവിൽ നീക്കം ചെയ്യാത്തതിനാൽ എന്ന് ടാറിങ് തുടങ്ങും എന്ന കാര്യത്തിലും വ്യക്തതയില്ല.

പിലാത്തറ-മാതമംഗലം റോഡ് പണി ഇഴയുന്നതിനാൽ ജനങ്ങൾ അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ പണി ആരംഭിച്ച ഈ പദ്ധതി വളരെ മെല്ലെയാണ് നടന്നുപോകുന്നത്.

കലുങ്കുകൾ പകുതി മാത്രം കോൺക്രീറ്റ് ചെയ്ത് ഉയർത്തിയിട്ടുണ്ട്. മറുഭാഗം ചെയ്യാതെ ഇരിക്കുകയാണ്. അത് പൂർത്തീകരിക്കാതെ ഇപ്പോൾ പലയിടത്തും റോഡിൽ മെറ്റൽ ഇട്ട് ഉയർത്തുകയാണ്.

മെറ്റലുകൾ ഇളകി റോഡിൽ ചിതറി കിടക്കുന്നു. വാഹനങ്ങൾക്ക് വലിയ ദുരിതമാണ്. ഇപ്പോൾ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.

ഇത്രയും തിരക്കേറിയ റോഡിൽ വളരെ സാവകാശം പണി നടത്തിക്കൊണ്ടിരിക്കുന്നത് കാരണമാണ് ഈ ദുരിതം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് മെറ്റലിട്ട് ടാർ ചെയ്യേണ്ടതിന് പകരം അവിടവിടെയായി ചെറിയ തോതിൽ ഇട്ട് ഉയർത്തുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് കൊടിയ ദുരിതമാണ് സമ്മാനിക്കുന്നത്.

കൂടുതൽ തൊഴിലാളികളെയും കൂടുതൽ യന്ത്രങ്ങളെയും രംഗത്തിറക്കി വളരെ പെട്ടെന്ന് ഈ പണി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് അധികാരികളെ ഓർമിപ്പിക്കുകയാണ് ഇവർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389325/pilathara-mathamangalam-road-work-delay-dust-public-suffering)