---
title: "കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി: തളിപ്പറമ്പിലും പരിയാരത്തും ആർ.സി ഉടമകൾക്കെതിരെ കേസ്"
english_title: "Minor Drivers Crackdown in Thaliparamba Pariyaram RC Owners Booked Bike Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389387/thaliparamba-pariyaram-minor-drivers-crackdown-rc-owners-booked"
published_at: "2026-10-30T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae41fc17f01c_1000959937.jpg"
keywords: ["Thaliparamba Minor Accident", "Pariyaram Minor Driving", "RC Owner Case", "Kannur Police Action", "Minor Driving Law Kerala"]
---

# കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി: തളിപ്പറമ്പിലും പരിയാരത്തും ആർ.സി ഉടമകൾക്കെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* കുട്ടി ഡ്രൈവർമാർക്കെതിരെ കർശന പരിശോധനയുമായി പോലീസ്. തളിപ്പറമ്പിലും പരിയാരത്തും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയ ആർ.സി ഉടമകൾക്കെതിരെ കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* കുട്ടി ഡ്രൈവർമാർക്കെതിരെ കർശന പരിശോധനയുമായി പോലീസ്. തളിപ്പറമ്പിലും പരിയാരത്തും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയ ആർ.സി ഉടമകൾക്കെതിരെ കേസെടുത്തു.

*തളിപ്പറമ്പിൽ ബൈക്കിടിച്ച് അപകടം*

ഇന്നലെ ഒക്ടോബർ 29 രാത്രി 7.24-നാണ് തളിപ്പറമ്പിൽ അപകടമുണ്ടായത്. ചൊറുക്കള മലരട്ട നാഗം റോഡിലൂടെ KL-49-3017 നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ചുവന്ന പ്രായപൂർത്തിയാകാത്ത കുട്ടിയാണ് കാൽനടയാത്രക്കാരനായ വായാട് തിരുവട്ടൂരിലെ തട്ടിക്കൂട്ടി വീട്ടിൽ ടി.കെ. റഫീഖി(43)നെ ഇടിച്ചുവീഴ്ത്തിയത്.

ബൈക്ക് ഓടിച്ച കുട്ടിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് എസ്.ഐ കെ. ശ്രീകാന്ത്, ഗ്രേഡ് എ.എസ്.ഐ മുകുന്ദൻ, ഡ്രൈവർ സി.പി.ഒ അനുരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ ചോദ്യം ചെയ്തു.

തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.സി ഉടമയായ അസം സ്വദേശിയും ഇപ്പോൾ കുറുമാത്തൂർ ഐ.ടി.ഐ റോഡ് സ്ട്രീറ്റ് നമ്പർ ഒന്നിൽ താമസിക്കുന്നയാളുമായ ജഹീറുദ്ദീൻ (53) എന്നയാളുടെ പേരിൽ കേസെടുത്തു. മോട്ടോർ സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു.

*പരിയാരത്ത് അമ്മയ്ക്കെതിരെ കേസ്*

ഇതിന് പിന്നാലെ പരിയാരത്തും സമാന കേസ് റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.

കടന്നപ്പള്ളി ചെറുവിച്ചേരിയിലെ സത്യപ്രകാശിന്റെ ഭാര്യ കരുമാലക്കൽ തെക്കെവീട്ടിൽ ടി.വി. നിഷ (44) യുടെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം പരിയാരം എസ്.ഐ ടി.പി. അഹമ്മദ് ഇർഫാൻ നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചന്തപ്പുരയിൽ വെച്ച് KL-13 AF 7165 നമ്പർ സ്കൂട്ടർ ഓടിച്ച കുട്ടിയെ പിടികൂടുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389387/thaliparamba-pariyaram-minor-drivers-crackdown-rc-owners-booked)