---
title: "പ്ലാസ്റ്റിക് ഷീറ്റിന് കീഴിൽ കണ്ണീരിന്റെ ജീവിതം; അമ്മയ്ക്കും മക്കൾക്കും ഒരു വീടൊരുക്കാൻ നന്മയുള്ള മനസ്സുകൾ കൈകോർക്കണമെന്ന് അപേക്ഷയുമായി ഇരിണാവ് മടക്കര നിവാസികൾ"
english_title: "Help Sought For Family Living Under Plastic Sheet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389712/help-sought-for-family-under-plastic-sheet"
published_at: "2026-11-01T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6bb0b722a6_1000964213.jpg"
keywords: ["Financial support", "Charity", "Irinav madakkara"]
---

# പ്ലാസ്റ്റിക് ഷീറ്റിന് കീഴിൽ കണ്ണീരിന്റെ ജീവിതം; അമ്മയ്ക്കും മക്കൾക്കും ഒരു വീടൊരുക്കാൻ നന്മയുള്ള മനസ്സുകൾ കൈകോർക്കണമെന്ന് അപേക്ഷയുമായി ഇരിണാവ് മടക്കര നിവാസികൾ

> **Lead Summary:** *കണ്ണൂർ:* മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് മക്കളുമായി ദുരിതജീവിതം നയിക്കുന്ന നിർധനയായ അമ്മയ്ക്ക് ഒരുതണലാകാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇരിണാവ് മടക്കരയിലെ നാട്ടുകാർ.

## Article Content

*കണ്ണൂർ:* മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് മക്കളുമായി ദുരിതജീവിതം നയിക്കുന്ന നിർധനയായ അമ്മയ്ക്ക് ഒരുതണലാകാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇരിണാവ് മടക്കരയിലെ നാട്ടുകാർ.

മഴയും വെയിലും ഒരുപോലെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ താൽക്കാലിക കൂരയ്ക്കു കീഴിലാണ് അമ്മയും രണ്ട് മക്കളും കഴിയുന്നത്. ജീവിതത്തിന്റെ പ്രതിസന്ധികൾക്കിടയിലും മക്കളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന അമ്മയുടെ അവസ്ഥ ആരുടെയും മനസ്സലിയിക്കുന്നതാണ്.

കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ ആവശ്യമായ നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കുടുംബത്തിന് പുതിയൊരു വീട് നിർമിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വീടിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

തണ്ണീർത്തടം, തീരദേശ നിയന്ത്രണ മേഖല (CRZ) തുടങ്ങിയ നിയമപരമായ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന ഭൂമിയായതിനാൽ സർക്കാർ ഭവനപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലും തടസ്സങ്ങളുണ്ട്. കാറ്റിലും മഴയിലും തകർന്ന പഴയ വീടിന് താൽക്കാലിക നമ്പറായതിനാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യവുമുണ്ട്.

കുടുംബത്തിന്റെ സുരക്ഷയും സംരക്ഷണവും മുൻനിർത്തി അമ്മയെയും മക്കളെയും സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം, ആരംഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കി ഈ കുടുംബത്തിന് സുരക്ഷിതമായൊരു കൂര ഒരുക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ലക്ഷ്യം.

ഇതിനായി 'നിരിച്ചൻ സുലോചന ഭവന നിർമ്മാണ കമ്മിറ്റി' രൂപീകരിച്ച് പൊതുജനങ്ങളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ചെറിയൊരു സഹായം പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

സ്വന്തമായി സുരക്ഷിതമായൊരു വീടെന്ന സ്വപ്നം പോലും പൂർത്തിയാക്കാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്ന ഈ അമ്മയ്ക്കും മക്കൾക്കും കൈത്താങ്ങാകാൻ നന്മയുള്ള മനസ്സുകൾ മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.

സഹായങ്ങൾ അയക്കേണ്ട ബാങ്ക് വിവരങ്ങൾ:

നിരിച്ചൻ സുലോചന ഭവന നിർമ്മാണ കമ്മിറ്റി മടക്കര, പി.ഒ. ഇരിണാവ്

ബാങ്ക്: കേരള ബാങ്ക്

അക്കൗണ്ട് നമ്പർ: 173012801200122

IFSC: KSBK0001730

GPay: 8547167476

അക്കൗണ്ട് പേര്: NIRICHAN SULOCHANA BHAVANA

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389712/help-sought-for-family-under-plastic-sheet)