---
title: "മലബാറിന് അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം കണ്ണൂരിൽ വേണമെന്ന് സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ്"
english_title: "Multi-Purpose Stadium For Malabar Should Be Allocated To Kannur Says Sports Development Trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389749/multi-purpose-stadium-for-malabar-should-be-allocated-to-kannur"
published_at: "2026-11-01T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Kannur Sports Development Trust", "Multi Purpose Stadium", "Kannur Stadium", "Malabar Stadium", "Kerala Sports"]
---

# മലബാറിന് അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം കണ്ണൂരിൽ വേണമെന്ന് സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ്

> **Lead Summary:** *കണ്ണൂർ:* യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ മലബാറിന് അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കണ്ണൂരിന് അനുവദിക്കണമെന്ന് കണ്ണൂർ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

*കണ്ണൂർ:* യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ മലബാറിന് അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കണ്ണൂരിന് അനുവദിക്കണമെന്ന് കണ്ണൂർ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

കായിക വളർച്ചക്ക് ഉതകുന്ന നിലയിലുള്ള നല്ല സ്റ്റേഡിയങ്ങളില്ലാത്തത് കണ്ണൂർ മേഖലയിലെ കായിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. മൾട്ടി പർപ്പസ് സ്റ്റേഡിയം കണ്ണൂരിന് ലഭിക്കുകയാണെങ്കിൽ കണ്ണൂരിലെ കായിക രംഗത്തിന്റെ സമഗ്ര വികസനത്തിന് അത് വഴിവെക്കുമെന്നുറപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പരിമിതികൾക്കിടയിൽ നിന്നും ലോക ബോക്സിങ് ചാമ്പ്യനെയും ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് മത്സരാർത്ഥികളെയും സൃഷ്ടിച്ചെടുക്കാൻ കണ്ണൂരിന് കഴിഞ്ഞിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

ചെയർമാൻ ടി വി സുമൻ അധ്യക്ഷത വഹിച്ചു. സുധീഷ് പാമ്പൻ, കെ സുന്ദർബാബു, അനിൽ കുഞ്ഞിപ്പള്ളി, ബി നൂറുദ്ദീൻ, രഞ്ജിത്ത് ടോപ് മോസ്റ്റ്, എം പി പ്രശാന്ത്, ജൂലിയൻ സ്പടികം, എ കാസിം, പി ആർ സഹീർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അജിലേഷ് സ്വാഗതവും ടി ഗിരിധരൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി വി സുമൻ (ചെയർമാൻ), ടി ഗിരിധരൻ (സെക്രട്ടറി), എം ശ്രീജിത്ത് കുമാർ (ട്രഷറർ), വി കെ മൻമോഹൻ (ഓർഗനൈസിംഗ് സെക്രട്ടറി), എൻ രൂപേഷ്, അനിൽ മേനോൻ, പി രാജീവൻ, എം കെ ശിശിർ കുമാർ (വൈസ് ചെയർമാൻ), കെ രമേശൻ, കെ വി ശിവദാസൻ, ടി കെ അജിലേഷ്, കെ പുഷ്പജൻ (ജോയിന്റ് സെക്രട്ടറിമാർ), പ്രേം കല്ലാട്ട് (മുഖ്യ രക്ഷാധികാരി), അഡ്വ. ലതീഷ് ഭരതൻ, ഡോ. ആഷിക്, ഡോ. വിനോദ് കുമാർ, രതീഷ് നമ്പ്യാർ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389749/multi-purpose-stadium-for-malabar-should-be-allocated-to-kannur)