---
title: "വീണാ ജോർജിനെതിരെയുള്ള വധശ്രമക്കേസ് പൊളിയുന്നു; കെഎസ്‌യുക്കാർ അടുത്ത് എത്തിയിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ട്"
english_title: "Veena George Murder Attempt Case Falls Apart SIT Report Says KSU Workers Could Not Reach Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389761/veena-george-murder-attempt-case-falls-apart-sit-report-says-ksu-workers-could-not-reach-minister"
published_at: "2026-11-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae70c0c6d30d_1000953956.jpg"
keywords: ["Veena George", "Kannur", "KSU", "SIT Report", "Murder Attempt Case"]
---

# വീണാ ജോർജിനെതിരെയുള്ള വധശ്രമക്കേസ് പൊളിയുന്നു; കെഎസ്‌യുക്കാർ അടുത്ത് എത്തിയിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ട്

> **Lead Summary:** *കണ്ണൂർ:* മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെയുള്ള വധശ്രമക്കേസ് പൂർണമായും പൊളിയുന്നു. വീണയെ അക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, കരിങ്കൊടി പ്രതിഷേധത്തിനായെത്തിയ കെഎസ്‌യു പ്രവർത്തകർക്ക് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘ തലവൻ യു. പ്രേമൻ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

## Article Content

*കണ്ണൂർ:* മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെയുള്ള വധശ്രമക്കേസ് പൂർണമായും പൊളിയുന്നു. വീണയെ അക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, കരിങ്കൊടി പ്രതിഷേധത്തിനായെത്തിയ കെഎസ്‌യു പ്രവർത്തകർക്ക് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘ തലവൻ യു. പ്രേമൻ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന അസന്നിഗ്ദ്ധമായ റിപ്പോർട്ടാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നൽകിയത്. കെഎസ്‌യു പ്രവർത്തകർക്ക് വീണാ ജോർജിന്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ ചിലർ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചെന്ന കേസ്, ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമാണ് ഉണ്ടായത്. എന്നാൽ മന്ത്രിയെ അക്രമിച്ചെന്നു പറയുന്ന മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും എസ്ഐടി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എസ്ഐടി തലവൻ ഡിവൈഎസ്പി യു പ്രേമനാണ് റിപ്പോർട്ട് നൽകിയത്.

2026 ഫെബ്രുവരി 25ന് വൈകിട്ട് 4 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിൽ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ റെയിൽവേ പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തി. വീണയെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ്ഐടിക്ക് നൽകിയ മൊഴി. വീണയുടെ നിർദേശ പ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും എസ്ഐടിക്ക് മുന്നിൽ ഇയാൾ വെളിപ്പെടുത്തി. ഇതോടെ വീണ കുരുക്കിലാകുകയായിരുന്നു.

ഫെബ്രുവരി 25ന് വിവിധ പരിപാടികൾക്കായി കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വർധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നിൽ കണ്ടത് ഉന്തും തള്ളും ബഹളവുമാണ്.

പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാർത്ത തീ പോലെ പടർന്നു. സ്പീക്കർ ഷംസീർ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയർന്നു. രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‌യുക്കാരെ ടൗൺ പൊലീസ് റെയിൽവെ പൊലീസിന് കൈമാറി. രാത്രി എഫ്ഐആർ ഇട്ടു. പുലർച്ചെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവമായിരുന്നു മുൻ മന്ത്രി വീണാ ജോർജിനെതിരെയുള്ള അക്രമം. എന്നാൽ തെരഞ്ഞെടുപ്പിൽ അതി ദയനീയമായി തോറ്റതോടെ മന്ത്രിക്ക് നേരെ എൽഡിഎഫ് സർക്കാർ ഉയർത്തിയ അക്രമ നാടകം പൊളിയുകയായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കണ്ണൂർ മണ്ഡലം എംഎൽഎ ടി ഒ മോഹനൻ നൽകിയ നിവേദനത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389761/veena-george-murder-attempt-case-falls-apart-sit-report-says-ksu-workers-could-not-reach-minister)