---
title: "ജനഹൃദയങ്ങളിൽ ഇടംനേടി മധു ബാവുപ്പറമ്പ് കെ.എസ്.ഇ.ബി സർവീസിൽ നിന്ന് വിരമിച്ചു"
english_title: "Madhu Bavuparamb Retires From KSEB Service After 30 Years Of Service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389765/madhu-bavuparamb-retires-from-kseb-service"
published_at: "2026-11-01T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae710961b59f_1000964211.jpg"
keywords: ["Madhu Bavuparamb", "KSEB Retirement", "Taliparamba", "KSEB Overseer", "Kerala News"]
---

# ജനഹൃദയങ്ങളിൽ ഇടംനേടി മധു ബാവുപ്പറമ്പ് കെ.എസ്.ഇ.ബി സർവീസിൽ നിന്ന് വിരമിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും ഹൃദയങ്ങളിൽ ഇടംനേടിയ മധു ബാവുപ്പറമ്പ് കെ.എസ്.ഇ.ബി സർവീസിൽ നിന്ന് വിരമിച്ചു. ധർമ്മശാല സെക്ഷനിൽ ഓവർസീയറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.

## Article Content

*തളിപ്പറമ്പ്:* മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും ഹൃദയങ്ങളിൽ ഇടംനേടിയ മധു ബാവുപ്പറമ്പ് കെ.എസ്.ഇ.ബി സർവീസിൽ നിന്ന് വിരമിച്ചു. ധർമ്മശാല സെക്ഷനിൽ ഓവർസീയറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.

കരിമ്പം, തളിപ്പറമ്പ്, ധർമ്മശാല സെക്ഷനുകളിലായി സേവനം ചെയ്ത ഇദ്ദേഹം കുറുമാത്തൂർ, മുയ്യം മേഖലകളിൽ ദീർഘകാലം ലൈൻമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഔദ്യോഗിക ചുമതലകൾക്കപ്പുറം ജനങ്ങളോടുള്ള സൗഹൃദപരമായ പെരുമാറ്റവും ഏത് സമയത്തും സഹായത്തിനെത്താനുള്ള മനസ്സുമാണ് മധുവിനെ വ്യത്യസ്തനാക്കുന്നത്. വൈദ്യുതി തകരാറുകളോ വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീഴുന്നതുൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ പാതിരാത്രിയിലാണെങ്കിലും വിളിച്ചാൽ ഫോൺ എടുക്കുകയും പ്രശ്നപരിഹാരത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. സമയമോ സാഹചര്യങ്ങളോ നോക്കാതെ ജനങ്ങളുടെ പരാതികൾക്ക് ചെവികൊടുക്കുന്ന ഈ സമീപനം നാട്ടുകാർക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.

ബാവുപ്പറമ്പ് സ്വദേശിയായ മധു ബാവുപ്പറമ്പ് വായനശാലയുടെ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. ജോലിക്കാലത്തുടനീളം മികച്ച ജനസമ്പർക്കവും സേവനമനോഭാവവും പുലർത്തിയ അദ്ദേഹത്തിന് കെ.എസ്.ഇ.ബി ജീവനക്കാർ സമുചിതമായ യാത്രയയപ്പ് നൽകി.

സർവീസിൽ നിന്ന് വിരമിച്ചെങ്കിലും നാട്ടുകാരുടെ മനസ്സിൽ സേവനസന്നദ്ധനായ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ മധുവിന്റെ ഓർമ്മകൾ എന്നും നിലനിൽക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389765/madhu-bavuparamb-retires-from-kseb-service)