---
title: "തളിപ്പറമ്പ് സൂ സഫാരി പാർക്ക്: പ്രാദേശിക കമ്മറ്റി ചേർന്നു"
english_title: "Taliparamba Zoo Safari Park Local Committee Meeting Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390143/taliparamba-zoo-safari-park-committee"
published_at: "2026-11-04T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeabcd9e69f8_1000971509.jpg"
keywords: ["Zoo Safari Park", "Taliparamba", "Kannur Collector", "Committee Meeting"]
---

# തളിപ്പറമ്പ് സൂ സഫാരി പാർക്ക്: പ്രാദേശിക കമ്മറ്റി ചേർന്നു

> **Lead Summary:** *തളിപ്പറമ്പ്:* മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പിൽ സ്ഥാപിക്കുന്ന സൂ സഫാരി പാർക്കിന്റെ പ്രാദേശിക കമ്മറ്റി യോഗം ചേർന്നു.

## Article Content

*തളിപ്പറമ്പ്:* മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പിൽ സ്ഥാപിക്കുന്ന സൂ സഫാരി പാർക്കിന്റെ പ്രാദേശിക കമ്മറ്റി യോഗം ചേർന്നു.

ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം പാർക്കുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പ്രവർത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി.

പാർക്ക് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ലേഔട്ട് പ്ലാനും കോണ്ടൂർ മാപ്പും തയ്യാറാക്കുന്നതിന് ഭൂവിനിയോഗ ബോർഡിന് കത്ത് നൽകിയതായി സൂ സഫാരി പാർക്ക് വിദഗ്ധ സമിതി അംഗവും കമ്മറ്റി കൺവീനറുമായ ടി.വി. അനിൽകുമാർ അറിയിച്ചു. ലേഔട്ട് പ്ലാൻ, കോണ്ടൂർ മാപ്പ്, അതിർത്തി നിർണ്ണയം എന്നിവ വേഗത്തിലാക്കുന്നതിന് വിദഗ്ധ ഏജൻസികളെ ടെണ്ടർ വഴി നിയോഗിക്കാൻ നിർദേശിച്ചു.

പദ്ധതി പ്രദേശത്തെ അറുപതിനായിരത്തിലേറെ വരുന്ന മരങ്ങളുടെ മൂല്യനിർണയം, തരംതിരിക്കൽ, നമ്പറിടൽ എന്നിവ നടത്താൻ പ്ലാന്റേഷൻ കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായി കൺവീനർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പതിനൊന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കോർപ്പറേഷൻ സമർപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കൺസെപ്റ്റ് നോട്ട് ആറാഴ്ചയ്ക്കകം തയ്യാറാക്കും. പരിസ്ഥിതി ആഘാത പഠനവും നടത്തും.

സന്ദർശകർക്ക് സൗകര്യപ്രദമായ വിധത്തിൽ പാർക്കിംഗ് സൗകര്യം, ഭക്ഷണശാല, ശൗചാലയം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കണമെന്ന് നിർദ്ദേശം നൽകി.

യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, തളിപ്പറമ്പ് ആർ.ഡി.ഒ എൻ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസി ഷിജി വട്ടക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സജി ഓതറ, എസ്.പി. രമേശൻ, സോഷ്യൽ ഫോറസ്ട്രി ആർ.എഫ്.ഒ ഇ.കെ. ജിഷ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390143/taliparamba-zoo-safari-park-committee)