---
title: "ചിറവക്ക് - തൃച്ചംബരം ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി റീതാർ ചെയ്യണമെന്ന് തളിപ്പറമ്പ് നഗരസഭ,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നഗരസഭ ചെയർമാൻ കത്ത് നൽകി"
english_title: "Taliparamba National Highway Repair Ultimatum Megha Construction Office Siege"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390326/taliparamba-national-highway-repair-ultimatum-megha-construction"
published_at: "2026-11-05T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec35a815ffb_1000974349.jpg"
keywords: ["Taliparamba Municipality", "National Highway", "Road Repair", "Megha Construction", "PK Subair"]
---

# ചിറവക്ക് - തൃച്ചംബരം ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി റീതാർ ചെയ്യണമെന്ന് തളിപ്പറമ്പ് നഗരസഭ,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നഗരസഭ ചെയർമാൻ കത്ത് നൽകി

> **Lead Summary:** *തളിപ്പറമ്പ്:* ചിറവക്ക് - തൃച്ചംബരം ദേശീയപാതയിൽ തകർന്ന ഭാഗങ്ങൾ അടിയന്തരമായി റീതാർ ചെയ്യണം. ഇല്ലെങ്കിൽ മേഘ കൺസ്ട്രക്ഷൻ കമ്പനി ഓഫീസ് ഉപരോധിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ താക്കീത് നൽകി.

## Article Content

*തളിപ്പറമ്പ്:* ചിറവക്ക് - തൃച്ചംബരം ദേശീയപാതയിൽ തകർന്ന ഭാഗങ്ങൾ അടിയന്തരമായി റീതാർ ചെയ്യണം. ഇല്ലെങ്കിൽ മേഘ കൺസ്ട്രക്ഷൻ കമ്പനി ഓഫീസ് ഉപരോധിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ താക്കീത് നൽകി.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നഗരസഭ ചെയർമാൻ കത്ത് നൽകി.

തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കുപ്പം മുതൽ കുറ്റിക്കോൽ വരെയുള്ള ദേശീയപാതയുടെ പല ഭാഗങ്ങളും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ആശ്രയിക്കുന്ന ഈ പാതയിലെ കുഴികളും തകർന്ന ഭാഗങ്ങളും വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകൾ തെറിച്ച് യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടമുണ്ടാകുന്നതും നിത്യസംഭവമായിരിക്കുകയാണ്.

നിലവിൽ ദേശീയപാതയുടെ ആറുവരിപ്പാത നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള മേഘ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഈ ഭാഗത്തിന്റെ പരിപാലന ചുമതല. എന്നാൽ വർഷങ്ങളായി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതെ കമ്പനി തുടരുന്ന സമീപനം തികച്ചും നിരുത്തരവാദപരമാണെന്ന് നഗരസഭ ചൂണ്ടിക്കാട്ടി.

ഒരു നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയെ ഈ രീതിയിൽ അവഗണിക്കുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ലെന്ന് ചെയർമാൻ പറഞ്ഞു.

മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രതിനിധികളെ നേരിട്ട് കണ്ട് നഗരസഭയുടെ പ്രതിഷേധവും ആവശ്യവും അറിയിച്ചിട്ടുണ്ട്.

നവംബർ മാസം കൂടി കാത്തിരിക്കും. അതിനുള്ളിൽ തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റീതാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നഗരസഭ ജനങ്ങളെ അണിനിരത്തി മേഘ കൺസ്ട്രക്ഷൻ കമ്പനി ഓഫീസ് ഉപരോധിക്കും.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നഗരസഭാ ചെയർമാൻ കത്ത് നൽകിയിട്ടുണ്ട്. വിഷയം ഗൗരവമായി ഏറ്റെടുത്ത മന്ത്രിക്ക് നഗരസഭ നന്ദി അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. ഇനിയും കാത്തിരിക്കാനാവില്ലെന്ന് ചെയർമാൻ പി കെ സുബൈർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390326/taliparamba-national-highway-repair-ultimatum-megha-construction)