---
title: "അരിയിൽ ഷുക്കൂർ വധക്കേസ്; വിധി ഉടൻ ഇല്ല, കേസ് നവംബർ 16ന് പരിഗണിക്കും"
english_title: "Ariyil Shukkoor Murder Case Verdict Delayed November 16 CBI Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390899/ariyil-shukkoor-murder-case-verdict-delayed-november-16"
published_at: "2026-11-09T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1b1abbcf5f_1000983703.jpg"
keywords: ["Ariyil Shukkoor", "Murder Case", "P Jayarajan", "TV Rajesh", "CBI Court Kochi"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്; വിധി ഉടൻ ഇല്ല, കേസ് നവംബർ 16ന് പരിഗണിക്കും

> **Lead Summary:** *കൊച്ചി:* അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഇല്ല. കേസ് നവംബർ 16ന് പരിഗണിക്കാൻ മാറ്റി. വിധിയുടെ തീയതി അന്ന് പറയും. നേരത്തെ 12ന് വിധി പറയുമെന്നാണ് പറഞ്ഞിരുന്നത്.

## Article Content

*കൊച്ചി:* അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഇല്ല. കേസ് നവംബർ 16ന് പരിഗണിക്കാൻ മാറ്റി. വിധിയുടെ തീയതി അന്ന് പറയും. നേരത്തെ 12ന് വിധി പറയുമെന്നാണ് പറഞ്ഞിരുന്നത്.

സി.പി.ഐ.എം. നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെടെ 33 പേരാണ് പ്രതികൾ. രണ്ട് പേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. കൊച്ചി സി.ബി.ഐ. സ്പെഷ്യൽ കോടതി 3 ജഡ്ജി പി. ശബരിനാഥ് മുമ്പാകെ 2025 മെയ് അഞ്ചിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്.

മുസ്ലിം ലീഗ് വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ്-സി.പി.എം. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാളെ കാണാൻ എത്തിയതായിരുന്നു സി.പി.എം. നേതാക്കൾ. ഈ സംഭവത്തിൽ പങ്കെടുത്തെന്ന പേരിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.

അന്ന് സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജൻ. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.ഐ.എം. പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 17 മാസം നീണ്ടു നിന്ന വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390899/ariyil-shukkoor-murder-case-verdict-delayed-november-16)