---
title: "പന്നി ഫാമുകൾ മാലിന്യകേന്ദ്രങ്ങളാകുന്നു: കടന്നപ്പള്ളിയിലെ  പന്നി ഫാമിന്’ 25,000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Kadannappally Panappuzha Pig Farm Waste Violation Galaxy Farm Fine 25000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390901/kadannappally-panappuzha-pig-farm-waste-violation-fine"
published_at: "2026-11-09T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1b6e7973d7_1000983731.jpg"
keywords: ["Kadannappally Panappuzha", "Pig Farm", "Waste Dumping", "Enforcement Squad", "Fine"]
---

# പന്നി ഫാമുകൾ മാലിന്യകേന്ദ്രങ്ങളാകുന്നു: കടന്നപ്പള്ളിയിലെ  പന്നി ഫാമിന്’ 25,000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** കടന്നപ്പള്ളി പാണപ്പുഴ: പന്നി ഫാമുകൾ വ്യാപകമായി മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.

## Article Content

കടന്നപ്പള്ളി പാണപ്പുഴ: പന്നി ഫാമുകൾ വ്യാപകമായി മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യസംസ്കരണത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ‘ഗ്യാലക്സി പന്നി ഫാമിനെതിരെ’ നടപടിയെടുക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ഹോട്ടലുകളിൽ നിന്നും മറ്റും പന്നികൾക്ക് നൽകാൻ എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾക്കൊപ്പം വരുന്ന പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഫാമുകൾക്ക് സമീപം മണ്ണിനടിയിൽ കുഴിച്ചിടുന്നതായും കൂട്ടിയിടുന്നതായും പരിശോധനയിൽ സ്ക്വാഡ് കണ്ടെത്തി. കൂടാതെ ഫാമിൽ നിന്നുണ്ടാകുന്ന മലിനജലം തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതായും, കൊതുക്, ഈച്ച, പുഴുക്കൾ തുടങ്ങിയവയുടെ പ്രജനന കേന്ദ്രമായി ഫാം പരിസരം മാറിയതായും സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉള്ളതായും പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്ന് കേരള പഞ്ചായത്തി രാജ് ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ക്വാഡ് നിയമനടപടികൾ സ്വീകരിച്ചത്.

കഴിഞ്ഞ മാസം പടിയൂർ കല്ലിയാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് ഫാമുകൾക്കെതിരെ സ്ക്വാഡ് നടപടി സ്വീകരിച്ച് 52,500 രൂപ പിഴ ചുമത്തിയിരുന്നു. പന്നി ഫാമുകളിലെ മാലിന്യ പ്രശ്നങ്ങൾ അങ്ങേയറ്റം ഗുരുതരമാണെന്നും ശാസ്ത്രീയമല്ലാത്ത മാലിന്യ നിക്ഷേപം മൂലം പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കനത്ത ഭീഷണിയാകുന്ന തരത്തിലുമാണ് പല ഫാമുകളുടെയും പ്രവർത്തനമെന്നും സ്ക്വാഡ് വ്യക്തമാക്കി.

വൃത്തിഹീനമായ ചുറ്റുപാടിലും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന പന്നിഫാമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിലെ ഫാമുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും പന്നി ഫാമുകളിലേക്ക് ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കൈമാറുന്ന ഹോട്ടലുകൾക്കെതിരെയും നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി., ടീം അംഗം ജിഷ്ണുരാജ്, ദിബിൽ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390901/kadannappally-panappuzha-pig-farm-waste-violation-fine)