---
title: "പ്രകൃതിയുടെ കാവലാളുകളാകാൻ പുതുതലമുറ; ശിശുദിനത്തിൽ തളിപ്പറമ്പിൽ ജൈവപൈതൃക അംബാസഡർമാർ ഒരുങ്ങുന്നു"
english_title: "Taliparamba Biodiversity Heritage Ambassadors Camp Childrens Day November 14"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390910/taliparamba-biodiversity-heritage-ambassadors-camp-childrens-day"
published_at: "2026-11-09T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1cdd55a1d8_1000983892.jpg"
keywords: ["Taliparamba Municipality", "Biodiversity", "Heritage Ambassadors", "Childrens Day", "Safari 2026"]
---

# പ്രകൃതിയുടെ കാവലാളുകളാകാൻ പുതുതലമുറ; ശിശുദിനത്തിൽ തളിപ്പറമ്പിൽ ജൈവപൈതൃക അംബാസഡർമാർ ഒരുങ്ങുന്നു

> **Lead Summary:** *തളിപ്പറമ്പ്:* പ്രാദേശിക ജൈവവൈവിധ്യവും പ്രകൃതിപൈതൃകവും സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളെ പങ്കാളികളാക്കി തളിപ്പറമ്പ് നഗരസഭ ജൈവപൈതൃക അംബാസഡർമാരെ ഒരുക്കുന്നു.

## Article Content

*തളിപ്പറമ്പ്:* പ്രാദേശിക ജൈവവൈവിധ്യവും പ്രകൃതിപൈതൃകവും സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളെ പങ്കാളികളാക്കി തളിപ്പറമ്പ് നഗരസഭ ജൈവപൈതൃക അംബാസഡർമാരെ ഒരുക്കുന്നു.

കഴിഞ്ഞ മാസം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വെച്ച് നഗരസഭ സംഘടിപ്പിച്ച ജൈവ പൈതൃക ശില്പശാലയിൽ രൂപം നൽകിയ സഫാരി 2026-31 ജൈവ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുന്നത്.

2026-25 വർഷം തളിപ്പറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്ന ജൈവ പൈതൃക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് ജൈവ പൈതൃക സംരക്ഷണത്തിന് പുതുതലമുറയെ ഒരുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് തളിപ്പറമ്പ് നഗരസഭ ബി.എം.സി. നൂതന ആശയവുമായി മുന്നോട്ട് വരുന്നത്.

ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പരിസ്ഥിതി നേതൃത്വ പരിശീലന ക്യാമ്പ് ശിശുദിനമായ നവംബർ 14 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പറശ്ശിനിക്കടവ് എം.വി.ആർ. സ്നേക്ക് പാർക്ക് ആൻഡ് മൃഗശാലയിലെ ആംഫി തിയേറ്ററിൽ നടക്കും.

വിദ്യാർത്ഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം വളർത്തുക, പ്രാദേശിക ജൈവപൈതൃകത്തെ അടുത്തറിയാനും പഠിക്കാനും അവസരമൊരുക്കുക, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ പുതുതലമുറയുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.

തളിപ്പറമ്പ് നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള പരിസ്ഥിതി സംരക്ഷണത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെയാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. ആകെ 70 വിദ്യാർത്ഥികൾക്കാണ് അവസരം. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ തുടർന്നുള്ള അഞ്ച് വർഷക്കാലം സഫാരി പദ്ധതിയുടെ ഭാഗമായി സ്വന്തം വിദ്യാലയങ്ങളിലും നഗരസഭാ പരിധിയിലും നടപ്പിലാക്കുന്ന ജൈവപൈതൃക സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്യുന്ന ജൈവപൈതൃക അംബാസഡർമാരായി പ്രവർത്തിക്കും.

പരിസ്ഥിതി പ്രവർത്തകനും ഫാറൂഖ് കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. കിഷോർ കുമാർ കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തും. തളിപ്പറമ്പ് നഗരസഭാ ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ഡോ. എ.കെ. അബ്ദുസ്സലാം ക്യാമ്പിന്റെ ലക്ഷ്യങ്ങളും തുടർപ്രവർത്തനങ്ങളും വിശദീകരിക്കും.

നഗരസഭാ ചെയർമാൻ പി.കെ. സുബൈർ അധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ. സൈനുദ്ദീൻ, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ, ഹരിത ടീച്ചർ കോർഡിനേറ്റർമാർ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ അക്ഷര മധു എന്നിവർ പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക ബയോ കിറ്റ് വിതരണം ചെയ്യും. ജൈവവൈവിധ്യ നിരീക്ഷണം, പ്രാദേശിക സസ്യ-ജന്തുജാലങ്ങളുടെ തിരിച്ചറിയൽ, ശാസ്ത്രീയ വിവരശേഖരണം, ആവാസവ്യവസ്ഥാ സംരക്ഷണം, ജൈവവിഭവ പരിപാലനം എന്നിവയ്ക്കാവശ്യമായ മാർഗനിർദേശങ്ങൾ, പ്രവർത്തനരീതികൾ, വിവരശേഖരണ മാതൃകകൾ, പഠനസാമഗ്രികൾ എന്നിവയ്ക്കൊപ്പം തിരഞ്ഞെടുത്ത തദ്ദേശീയ സസ്യങ്ങളുടെ തൈകളും നടീൽ സാമഗ്രികളും കിറ്റിൽ ഉൾപ്പെടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390910/taliparamba-biodiversity-heritage-ambassadors-camp-childrens-day)