---
title: "ഇ.ടി.സി - പൂമംഗലം റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ എം.എൽ.എയുടെ അടിയന്തര ഇടപെടൽ"
english_title: "ETC Poomangalam Road Work MLA TK Govindan Master Urgent Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391195/etc-poomangalam-road-work-mla-urgent-meeting"
published_at: "2026-11-11T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af463e95abc7_1000987839.jpg"
keywords: ["ETC Poomangalam Road", "TK Govindan Master", "Road Construction", "Taliparamba", "KRFB"]
---

# ഇ.ടി.സി - പൂമംഗലം റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ എം.എൽ.എയുടെ അടിയന്തര ഇടപെടൽ

> **Lead Summary:** **തളിപ്പറമ്പ്: **ഇ.ടി.സി - പൂമംഗലം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും പരാതികളും ഉയർന്ന പശ്ചാത്തലത്തിൽ, പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അടിയന്തര ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തു. കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി , കെ.ആർ.എഫ്.ബി , യു.എൽ.സി.സി.എസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും കരാറുകാരും എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഇ.ടി.സി - പൂമംഗലം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും പരാതികളും ഉയർന്ന പശ്ചാത്തലത്തിൽ, പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അടിയന്തര ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തു. കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി , കെ.ആർ.എഫ്.ബി , യു.എൽ.സി.സി.എസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും കരാറുകാരും എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

മൊത്തം 13.500 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണത്തിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും വിവിധ ഘട്ടങ്ങളായി പണികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി:

*ആദ്യ ഘട്ടം (0 - 4 കി.മീ):* ഈ റീച്ചിൽ ബാക്കിയുള്ള 1.4 കിലോമീറ്ററിൽ 1 കി.മി. ടാറിംഗ് പ്രവൃത്തികൾ ഈ വരുന്ന നവംബർ 20-ഓടെ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

*രണ്ടാം ഘട്ടം (4 - 8.200 കി.മീ):* റോഡ് വീതികൂട്ടുന്നതിനായി കെ.എസ്.ഇ.ബി പോസ്റ്റുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റുന്ന പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കും. ഇതിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് അനുമതിക്കായി എം.എൽ.എ ഓഫീസ് നേരിട്ട് ഫോളോ-അപ്പ് നടത്തും.

*മൂന്നാം ഘട്ടം (8.200 - 13.500 കി.മീ):* പ്രവൃത്തികൾ ഡിസംബർ 15-നകവും, ഇലക്ട്രിക് പോസ്റ്റുകളും പൈപ്പ് ലൈനുകളും മാറ്റുന്നത് ജനുവരി 30-നകവും പൂർത്തിയാക്കും.

*സംയുക്ത പരിശോധന:* പ്രവൃത്തികൾക്ക് നേരിട്ടുള്ള തടസ്സങ്ങൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതാണ്.

റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391195/etc-poomangalam-road-work-mla-urgent-meeting)