---
title: "ഫുജൈറ വാഹനാപകടം; മലപ്പുറം സ്വദേശികൾക്ക് ദാരുണാന്ത്യം, മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ"
english_title: "Fujairah Accident Three Malayalis Dead Vengara Family"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391320/fujairah-accident-three-malayalis-dead-vengara-family"
published_at: "2026-11-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af589225de13_1000990173.jpg"
keywords: ["Fujairah", "UAE", "Road Accident", "Vengara", "Malayali"]
---

# ഫുജൈറ വാഹനാപകടം; മലപ്പുറം സ്വദേശികൾക്ക് ദാരുണാന്ത്യം, മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ

> **Lead Summary:** **യുഎഇ: **ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. രാത്രി 10 മണിയോടെയുണ്ടായ അപകടത്തിലാണ് മലയാളികൾ മരിച്ചത്.

## Article Content

**യുഎഇ: **ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. രാത്രി 10 മണിയോടെയുണ്ടായ അപകടത്തിലാണ് മലയാളികൾ മരിച്ചത്.

ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഫുജൈറയിലെ കോടതിയുടെ മുന്നിൽവെച്ച് ട്രക്കിന് പിന്നിൽ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

വിസിറ്റിങ് വിസയിലെത്തിയതാണ് ഇവർ. ഷാർജയിലെ ബന്ധുവിനെ വീട്ടിൽ കൊണ്ടുവിട്ടിട്ട് വരുന്ന വഴിയാണ് അപകടമുണ്ടായത്. സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, മകളുടെ രണ്ട് കുട്ടികൾ എന്നിവർ ചികിത്സയിലാണ്.

അതേസമയം ഇന്നലെത്തന്നെ ഫുജൈറയിൽ മറ്റൊരു അപകടവുമുണ്ടായി. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. എന്നാൽ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

അപകടവിവരം ലഭിച്ചയുടൻ പോലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുടെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അധികൃതർ പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് സ്ഥിരീകരിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും വേഗപരിധി ശ്രദ്ധിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഫുജൈറ പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391320/fujairah-accident-three-malayalis-dead-vengara-family)