---
title: "ലോക പ്രമേഹദിനത്തിൽ ചെറുകുന്നിൽ ജനകീയ സമൂഹ നടത്തം സംഘടിപ്പിച്ചു"
english_title: "World Diabetes Day Cherukunnu Community Walk Health Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391618/world-diabetes-day-cherukunnu-community-walk"
published_at: "2026-11-14T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af82f4d4c570_1000994923.jpg"
keywords: ["Cherukunnu", "World Diabetes Day", "Health Camp", "Community Walk"]
---

# ലോക പ്രമേഹദിനത്തിൽ ചെറുകുന്നിൽ ജനകീയ സമൂഹ നടത്തം സംഘടിപ്പിച്ചു

> **Lead Summary:** **ചെറുകുന്ന്: **ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റി കണ്ണൂരിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചെറുകുന്നിൽ ജനകീയ സമൂഹ നടത്തവും ജീവിതശൈലീ രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**ചെറുകുന്ന്: **ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റി കണ്ണൂരിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചെറുകുന്നിൽ ജനകീയ സമൂഹ നടത്തവും ജീവിതശൈലീ രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു.

2026 നവംബർ 14 ശനിയാഴ്ച രാവിലെ ആറിന് ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച സമൂഹ നടത്തത്തിൽ നിരവധി പേർ പങ്കെടുത്തു. ചെറുകുന്ന് ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച നടത്തം ചെറുകുന്ന് ചിറയ്ക്ക് ചുറ്റും സഞ്ചരിച്ച് ചെറുകുന്ന് തറയിലെത്തി തിരികെ ക്ഷേത്ര പരിസരത്ത് സമാപിച്ചു.

ആരോഗ്യകരമായ ജീവിതശൈലി, പ്രമേഹരോഗ പ്രതിരോധം, വ്യായാമത്തിന്റെ പ്രാധാന്യം, ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഡോ. ടി.എം. മുരളീധരൻ ഔപചാരികമായി ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണപുരം ജനമൈത്രി പോലീസ് സി.ആർ.ഒ. സുനിൽകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. റിട്ട. പോലീസ് ഇൻസ്പെക്ടർ ടി.വി. ഉണ്ണികൃഷ്ണൻ പരിപാടിയുടെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിച്ചു.

കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റി പ്രസിഡന്റ് രാജേഷ് എ. തളിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അംബുജാക്ഷൻ നന്ദി രേഖപ്പെടുത്തി.

പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ സബിന്ത് സർക്കാർ ചെറുകുന്ന്, ശ്രീനിവാസ് ആയിരംതെങ്ങ് (റിട്ട. എസ്.ഐ. ഓഫ് പോലീസ്), വേലായുധൻ വെള്ളറങ്ങൽ, അനൂപ് മഞ്ചക്കണ്ടി, എം.പി. പ്രകാശൻ, ജയൻ പാലങ്ങാട്, ബൽറാം (പത്തില്ലം കൂട്ടായ്മ ചെറുകുന്ന്), ഷനോജ് (നന്ദു ഹോട്ടൽ), മേരി ദാസ് എന്നിവർ പങ്കെടുത്തു.

സമൂഹ നടത്തത്തോടനുബന്ധിച്ച് സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റൽ ചെറുകുന്നിന്റെ നേതൃത്വത്തിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ആരോഗ്യപരിശോധനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ക്യാമ്പ് സഹായകമായി.

പരിപാടിയിൽ പങ്കെടുത്തവർക്കായി ലഘുഭക്ഷണ വിതരണവും ഒരുക്കിയിരുന്നു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച വിവിധ സംഘടനകളെ കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. രാവിലെ നടന്ന പരിപാടിയിലുടനീളം മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്.

കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റി കണ്ണൂർ, ജനമൈത്രി പോലീസ് കണ്ണപുരം, യുണൈറ്റഡ് തൈക്വാണ്ടോ അക്കാദമി കണ്ണപുരം, കനോസ നഴ്സിങ് കോളേജ് ചെറുകുന്ന്, സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റൽ ചെറുകുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ചെറുകുന്ന് സ്കൂൾ, ദീപ്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചെറുകുന്ന് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യസംരക്ഷണം ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച സമൂഹ നടത്തം ചെറുകുന്നിലെ ജനകീയ കൂട്ടായ്മയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകയായി മാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391618/world-diabetes-day-cherukunnu-community-walk)