---
title: "പരിയാരം പഞ്ചായത്തിൽ തരിശുനിലങ്ങൾ വർധിക്കുന്നു, പഞ്ചായത്ത് ഭരണസമിതിയുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധം"
english_title: "Pariyaram Panchayat Fallow Lands Increase Farmers Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392111/pariyaram-panchayat-fallow-lands-farmers-protest"
published_at: "2026-11-18T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd484ff3206_1001003727.jpg"
keywords: ["Pariyaram", "Paddy Farming", "Fallow Lands", "Panchayat", "Kannur"]
---

# പരിയാരം പഞ്ചായത്തിൽ തരിശുനിലങ്ങൾ വർധിക്കുന്നു, പഞ്ചായത്ത് ഭരണസമിതിയുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധം

> **Lead Summary:** **പരിയാരം: **ഒരുകാലത്ത് പരമ്പരാഗത നെൽകൃഷിയുടെ കലവറയായ പരിയാരം ഗ്രാമ പഞ്ചായത്തിൽ ഇന്ന് പല കാരണത്താൽ നെൽകർഷകർ കൃഷി ഉപേക്ഷിച്ച് പോവുകയും രണ്ടും മൂന്നും വിളകൾ ചെയ്തിരുന്ന പാടങ്ങൾ കളകളും മറ്റും വളർന്ന് തരിശ് കിടക്കുകയുമാണ്.

## Article Content

**പരിയാരം: **ഒരുകാലത്ത് പരമ്പരാഗത നെൽകൃഷിയുടെ കലവറയായ പരിയാരം ഗ്രാമ പഞ്ചായത്തിൽ ഇന്ന് പല കാരണത്താൽ നെൽകർഷകർ കൃഷി ഉപേക്ഷിച്ച് പോവുകയും രണ്ടും മൂന്നും വിളകൾ ചെയ്തിരുന്ന പാടങ്ങൾ കളകളും മറ്റും വളർന്ന് തരിശ് കിടക്കുകയുമാണ്.

മുൻകാലങ്ങളിൽ സജീവമായി നെൽകൃഷി ചെയ്തിരുന്ന തിരുവട്ടൂർ, പാച്ചേനി, പരിയാരം, എമ്പേറ്റ്, കുറ്റ്യേരി, ചെറിയൂർ പാടശേഖരങ്ങളിൽ ഭൂരിഭാഗവും ഇന്ന് കൃഷിയിറക്കാതെ തരിശിട്ടിരിക്കുകയാണ്. പാടശേഖരസമിതികളിൽ അംഗങ്ങളായ നെൽകർഷകരുടെ എണ്ണത്തിലും വർഷംതോറും വലിയ കുറവുണ്ടാകുന്നു.

കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളും പദ്ധതികളും സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയുടെ പ്രയോജനം കർഷകരിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെടുകയാണെന്നാണ് ആക്ഷേപം. നെൽകൃഷിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും നിലവിലുള്ള കർഷകരെ നിലനിർത്താനും ആവശ്യമായ ഇടപെടലുകൾ നടത്താതെ പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയായി മാറുകയാണ്.

പഞ്ചായത്തിലെ കൃഷി സംബന്ധമായ ഔദ്യോഗിക രേഖകൾ പരിശോധിച്ചാൽ ഓരോ വർഷവും നെൽകൃഷിയുടെ അളവ് കുറഞ്ഞുവരുന്നതും തരിശുനിലങ്ങളുടെ വിസ്തൃതി വർധിക്കുന്നതും വ്യക്തമാകും. കൃഷിച്ചെലവിന്റെ വർധന, തൊഴിലാളിക്ഷാമം, വന്യമൃഗശല്യം, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെങ്കിലും കാർഷിക മേഖലയുടെ സംരക്ഷണത്തിനായി പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും നെൽകൃഷി വ്യാപിപ്പിക്കുന്നതിനും പാടശേഖരസമിതികളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392111/pariyaram-panchayat-fallow-lands-farmers-protest)