---
title: "പയ്യാവൂരിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ജീവപര്യന്തം തടവും പിഴയും"
english_title: "Husband Murder Case Wife Lover Life Imprisonment Thalassery Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392400/husband-murder-wife-lover-life-imprisonment-thalassery"
published_at: "2026-11-20T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affe32dbc0fa_1001008730.jpg"
keywords: ["Thalassery Court", "Murder Case", "Payyavoor", "Life Imprisonment", "Husband Murder"]
---

# പയ്യാവൂരിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ജീവപര്യന്തം തടവും പിഴയും

> **Lead Summary:** തലശ്ശേരി:* കണ്ണൂർ പയ്യാവൂർ വെമ്പുവ പാറക്കടവ് തോണിപ്പാറക്കൽ വീട്ടിൽ ബാബു തോണിപ്പാറക്കലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ആൺസുഹൃത്തും കുറ്റക്കാരാണെന്ന് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് സി ജെ ഡെന്നി കണ്ടെത്തി.

## Article Content

തലശ്ശേരി:* കണ്ണൂർ പയ്യാവൂർ വെമ്പുവ പാറക്കടവ് തോണിപ്പാറക്കൽ വീട്ടിൽ ബാബു തോണിപ്പാറക്കലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ആൺസുഹൃത്തും കുറ്റക്കാരാണെന്ന് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് സി ജെ ഡെന്നി കണ്ടെത്തി.

പയ്യാവൂർ വെമ്പുവ കുറ്റിക്കാട്ടുകുന്നേൽ ജോബി ജെയിംസ് (48), പയ്യാവൂർ പാറക്കടവ് തോണിപ്പാറക്കൽ വീട്ടിൽ ജാൻസി ബാബു എന്ന ആനി ബാബു (47) എന്നിവർക്കെതിരെ ജീവപര്യന്തം തടവും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികൾ പിഴയടച്ചാൽ അത് കൊല്ലപ്പെട്ടയാളുടെ രക്ഷിതാക്കൾക്ക് നൽകാനും കോടതി വിധിച്ചു.

തോണിപ്പാറക്കൽ ബാബുവിനെ ഭാര്യ ആനിയുടെ ഒത്താശയോടെ ഒന്നാം പ്രതി ജോബി ജെയിംസ് തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 നവംബർ എട്ടിന് രാവിലെ ഏഴിനാണ് പയ്യാവൂർ പാറക്കടവ് തോണിപ്പാറക്കൽ വീട്ടിൽ ബാബുവിനെ വീടിന് മുൻപിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസി കല്ലാ പുത്തൻപുരയിൽ ഷാജു ജോസിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് പയ്യാവൂർ പൊലിസ് ആദ്യം കേസെടുത്തത്. കഴുത്തിൽ പാടുകണ്ട് സംശയത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഒന്നും രണ്ടും പ്രതികൾ തമ്മിലുള്ള അടുപ്പം ബാബു ചോദ്യംചെയ്തതിലെ വിരോധമാണ് കൊലയ്ക്ക് കാരണമായത്.

കാമുകനെ കണ്ടുകൂടാത്ത സാഹചര്യത്തിൽ ബാബു വീട്ടിൽ വെച്ച് കാണുകയും ഇതു സംബന്ധിച്ച് ഭാര്യയുമായി തർക്കമുണ്ടായപ്പോൾ കാമുകൻ ഭാര്യയുടെ സഹായത്താൽ പിന്നിലൂടെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു. തുടർന്ന് മൃതദേഹം വീടിന് ഏതാനും അകലെയുള്ള റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392400/husband-murder-wife-lover-life-imprisonment-thalassery)