---
title: "അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സുകളിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; നിയമലംഘനത്തിന് 45,000 രൂപ പിഴ"
english_title: "Migrant Workers Quarters Inspection Madayi 45000 Fine Waste Violation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392894/madayi-migrant-quarters-inspection-45000-fine-waste-violation"
published_at: "2026-11-23T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0445886d953_1001016540.jpg"
keywords: ["Madayi", "Migrant Workers", "Enforcement Squad", "Waste Management", "Fine", "Kannur"]
---

# അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സുകളിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; നിയമലംഘനത്തിന് 45,000 രൂപ പിഴ

> **Lead Summary:** **മാടായി: **മാലിന്യ സംസ്‌കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സുകൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നടപടി സ്വീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പുതിയങ്ങാടി ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ക്വാർട്ടേഴ്‌സ് ഉടമകൾക്ക് ആകെ 45,000 രൂപ പിഴ ചുമത്തി.

## Article Content

**മാടായി: **മാലിന്യ സംസ്‌കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സുകൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നടപടി സ്വീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പുതിയങ്ങാടി ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ക്വാർട്ടേഴ്‌സ് ഉടമകൾക്ക് ആകെ 45,000 രൂപ പിഴ ചുമത്തി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ക്വാർട്ടേഴ്‌സ് പരിസരത്ത് വൻതോതിൽ വലിച്ചെറിയുന്നതായും കൂട്ടിയിട്ട് കത്തിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി. സ്‌ക്വാഡ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും കൂട്ടിയിട്ട മാലിന്യങ്ങൾ കത്തുന്നതായാണ് കണ്ടത്. തുടർന്ന് ഉടൻതന്നെ സമീപത്തുള്ള തൊഴിലാളികളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. താമസക്കാർക്ക് പ്രാഥമിക സൗകര്യം ഉൾപ്പെടെ യാതൊരുവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കാതെ, പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാകുന്ന രീതിയിലായിരുന്നു ഇവയുടെ പ്രവർത്തനം.

കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരം ക്വാർട്ടേഴ്‌സ് ഉടമകളായ കെ. റാബിയ, താഹിറ സി.എച്ച്., എ.വി. അഹമ്മദ് ഹാജി, ഗഫൂർ എന്നിവർക്ക് 10,000 രൂപ വീതവും ഭണ്ഡാര കമ്മിറ്റിക്ക് 5,000 രൂപയും കൂടി ആകെ 45,000 രൂപ പിഴ ഈടാക്കുന്നതിനും മാലിന്യങ്ങൾ ഉടമസ്ഥർ തന്നെ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ടിയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദ്ദേശം നൽകി.

മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വാടകയിനത്തിൽ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ഇത്തരം ക്വാർട്ടേഴ്‌സുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും, വരും ദിവസങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും സ്‌ക്വാഡ് മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്ക് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., ടീം അംഗം ജിഷ്ണുരാജ്, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നീതുരവി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392894/madayi-migrant-quarters-inspection-45000-fine-waste-violation)