---
title: "കില ക്യാമ്പസിലെ മണ്ണെടുപ്പിനെതിരെ കോൺഗ്രസ് സമരം; നാളെ മണ്ണെടുപ്പ് തടയും"
english_title: "KILA Campus Soil Removal Protest Congress Youth Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393165/kila-campus-soil-removal-protest-congress"
published_at: "2026-11-25T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06d601e1588_1001021009.jpg"
keywords: ["KILA", "Karimbam", "Congress", "Youth Congress", "Soil Removal Protest"]
---

# കില ക്യാമ്പസിലെ മണ്ണെടുപ്പിനെതിരെ കോൺഗ്രസ് സമരം; നാളെ മണ്ണെടുപ്പ് തടയും

> **Lead Summary:** തളിപ്പറമ്പ്: കില ക്യാമ്പസിലെ നിർദ്ദിഷ്ട സ്റ്റേഡിയം അജണ്ടയിൽ ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടും മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും സമരം പ്രഖ്യാപിച്ചു.

## Article Content

തളിപ്പറമ്പ്: കില ക്യാമ്പസിലെ നിർദ്ദിഷ്ട സ്റ്റേഡിയം അജണ്ടയിൽ ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടും മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും സമരം പ്രഖ്യാപിച്ചു.

സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ സ്ഥലത്ത് പതാകകൾ സ്ഥാപിച്ചു.നാളെ മണ്ണെടുപ്പ് തടയുമെന്നും കില പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്, ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ് നിമിഷ പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ, എസ്. ഇർഷാദ്, സനൽ പുത്തൂർ, കെ. ആലിക്കുഞ്ഞി, പി. അബ്ദുള്ള എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കരിമ്പം കില കൃഷി പണിയിൽ നിർദ്ദിഷ്ട ജില്ലാ സ്റ്റേഡിയം - സ്പോർട്സ് കോംപ്ലക്സ് പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. ഇതിനു പകരം മറ്റൊരു സ്ഥലമാണ് സർക്കാർ പരിഗണിക്കുന്നത്.45 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തറക്കല്ലിട്ട് പ്രാരംഭപ്രവൃത്തികൾ ആരംഭിച്ച ജില്ലാ സ്റ്റേഡിയത്തിന്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി.

കില ക്യാമ്പസിൽ ജില്ലാ സ്റ്റേഡിയം നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നൂറുകണക്കിന് ഏക്കർ ജൈവ സമ്പത്ത് മുറിച്ചുനീക്കുകയും, വൻതോതിൽ കുന്നിടിച്ച് ആയിരക്കണക്കിന് ലോഡ് മണ്ണ് ദേശീയപാത നിർമ്മാണത്തിനായി നീക്കം ചെയ്യുകയും ചെയ്തിരുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷനായിരുന്നു (എസ്എഫ്കെ) നിർമ്മാണച്ചുമതല.

ഇതിനു സമീപത്തെ വെള്ളാരം പാറ എന്ന സ്ഥലമാണ് സ്റ്റേഡിയം നിർമ്മാണത്തിനായി പരിഗണിക്കുന്നതെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു.

കില ക്യാമ്പസിലെ സ്റ്റേഡിയം നിർമ്മാണത്തെക്കുറിച്ച് യാതൊന്നും സർക്കാരിന് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. എം.വി. ഗോവിന്ദൻ എംഎൽഎ ആയിരുന്നപ്പോഴാണ് കരിമ്പം കില കൃഷിയിൽ ജില്ലാ സ്റ്റേഡിയം പ്രഖ്യാപിച്ചത്. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവിലിയൻ, ഗാലറി, ഇൻഡോർ സ്റ്റേഡിയം, അത്ലറ്റുകൾക്കുള്ള ഹോസ്റ്റലുകൾ എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടായി കഴിഞ്ഞ ഫെബ്രുവരി 19ന് അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹിമാൻ ശിലാസ്ഥാപനം നടത്തിയിരുന്നു. പ്രവൃത്തി ടെൻഡർ നടപടികളും ചെയ്തു. സംസ്ഥാന സർക്കാരിന് 10 ഏക്കർ സ്ഥലത്ത് 15 മീറ്ററോളം ആഴത്തിൽ മണ്ണ് നീക്കം ചെയ്യണമെന്നായിരുന്നു അധികൃതർ പറഞ്ഞത്. തുടർന്ന് ഒന്നര കോടിയോളം രൂപയുടെ മണ്ണ് ഇവിടെനിന്ന് ദേശീയപാത അധികൃതർ കൊണ്ടുപോയി.

ബ്രിട്ടീഷ് കാലഘട്ടത്തിൽ കരിമ്പം കൃഷിത്തോട്ടം ആരംഭിച്ചത് മുതൽ ഉണ്ടായ അപൂർവ ജൈവ സമ്പത്താണ് മണ്ണെടുപ്പിൽ ഇല്ലാതായത്. വൻതോതിൽ മരം മുറിക്കാനുള്ള നീക്കം കില അധികൃതർ എതിർക്കുകയായിരുന്നു. ഊരാളുങ്കലിന്റെ നേതൃത്വത്തിൽ ഉടൻ സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ടെൻഡറിൽ ഒപ്പ് വെച്ചിട്ടില്ലെന്ന് എസ്.കെ.എഫ് അധികൃതർ വ്യക്തമാക്കി.

നിർമ്മാണത്തിന്റെ പേര് പറഞ്ഞ് വൻതോതിൽ മണ്ണ് നീക്കം ചെയ്തത് കാരണം മഴയിൽ മണ്ണും ചളിയും ഒലിച്ചിറങ്ങി നാട്ടുകാരും ദുരിതത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393165/kila-campus-soil-removal-protest-congress)