---
title: "കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ രോഗികൾക്കുള്ള മരുന്നുകൾ അലക്ഷ്യമായി വരാന്തയിൽ: പുതിയ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇടപെടുമോ ...?"
english_title: "Pariyaram Medical College Medicines Stored Unsafe Verandah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393248/pariyaram-medical-college-medicines-stored-unsafe-verandah"
published_at: "2026-11-26T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07b4d29616b_1001020955.jpg"
keywords: ["Pariyaram", "Kannur Medical College", "Medicines", "Hospital", "Healthcare"]
---

# കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ രോഗികൾക്കുള്ള മരുന്നുകൾ അലക്ഷ്യമായി വരാന്തയിൽ: പുതിയ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇടപെടുമോ ...?

> **Lead Summary:** പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾക്ക് വിതരണം ചെയ്യേണ്ട മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോർ സൗകര്യങ്ങളില്ലാത്തതിനാൽ മരുന്നുകളുടെ വൻ ശേഖരം ഏഴാം നിലയിൽ വാർഡുകൾക്ക് പുറത്തുള്ള വരാന്തകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന കാഴ്ച വർദ്ധിക്കുകയാണ്.

## Article Content

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾക്ക് വിതരണം ചെയ്യേണ്ട മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോർ സൗകര്യങ്ങളില്ലാത്തതിനാൽ മരുന്നുകളുടെ വൻ ശേഖരം ഏഴാം നിലയിൽ വാർഡുകൾക്ക് പുറത്തുള്ള വരാന്തകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന കാഴ്ച വർദ്ധിക്കുകയാണ്.

മരുന്നുകൾ ശാസ്ത്രീയമായും സുരക്ഷിതമായും സൂക്ഷിക്കേണ്ട ആശുപത്രിയിൽ മരുന്നുകൾ പെട്ടികളിലാക്കി അലക്ഷ്യമായി സംഭരിക്കുന്നത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കുകയാണ്.

ആശുപത്രികളിൽ സൗജന്യ വിതരണത്തിനും മറ്റും ലഭിക്കുന്ന മരുന്നുകൾ സൂക്ഷിക്കേണ്ട പല സ്ഥലങ്ങളും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സി.പി.എം അനുകൂല സംഘടനകൾക്ക് കഫറ്റീരിയകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ആരംഭിക്കാൻ അനുമതി നൽകിയതോടെ ആശുപത്രിയിലെ വിലപ്പെട്ട സ്ഥലങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടാൻ തുടങ്ങിയെന്ന ആക്ഷേപം വ്യാപകമാണ്.

ഇതിന്റെ ഫലമായി രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൂക്ഷിക്കാൻ പോലും മതിയായ സൗകര്യമില്ലാത്ത സ്ഥിതിയാണ് ജില്ലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രത്തിൽ നിലവിലുള്ളതെന്ന വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ മുക്കിലും മൂലയിലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന താൽപര്യം രോഗികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ കാണുന്നില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനേക്കാൾ ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ സ്ഥലങ്ങൾ കച്ചവട സ്ഥാപനങ്ങൾക്കായി അനുവദിക്കുമ്പോൾ രോഗികൾക്ക് വിതരണം ചെയ്യേണ്ട മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ അനുയോജ്യമായ സ്റ്റോർ സംവിധാനം ഒരുക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയായാണ് പൊതുജനങ്ങൾ കാണുന്നത്.

മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ശാസ്ത്രീയമായ സ്റ്റോർ സൗകര്യം അടിയന്തരമായി ഒരുക്കുകയും ആശുപത്രി പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും രോഗികളുടെ ചികിത്സയ്ക്കും ആശുപത്രിയുടെ അടിസ്ഥാന പ്രവർത്തനങ്ങൾക്കും പ്രഥമ പരിഗണന നൽകുകയും ചെയ്യാൻ പുതിയ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തയ്യാറാകുമോ എന്നതും പൊതുജനങ്ങൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393248/pariyaram-medical-college-medicines-stored-unsafe-verandah)