---
title: "104 കുപ്പി മാഹി മദ്യവുമായി യുവതി തളിപ്പറമ്പ് എക്സൈസ് പിടിയിൽ"
english_title: "104 Bottles Mahe Liquor Woman Arrested Taliparamba Excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393257/104-bottles-mahe-liquor-woman-arrested-taliparamba-excise"
published_at: "2026-11-26T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c5c0b81d7_1001022334.jpg"
keywords: ["Taliparamba", "Excise", "Mahe Liquor", "Pariyaram", "Kannur"]
---

# 104 കുപ്പി മാഹി മദ്യവുമായി യുവതി തളിപ്പറമ്പ് എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അസീസ് എയും പാർട്ടിയും പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ 104 കുപ്പി മാഹി മദ്യം സൂക്ഷിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അസീസ് എയും പാർട്ടിയും പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ 104 കുപ്പി മാഹി മദ്യം സൂക്ഷിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തു.

പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗർ ചിറയിൽ പുത്തൻവീട്ടിൽ ഷാജി ആന്റണിയുടെ മകൾ ശാലിനി സി (35) ക്കെതിരെ കേരള അബ്കാരി ആക്ട് 55(i), 58 വകുപ്പുകൾ ചുമത്തി എക്സൈസ് കേസെടുത്തു.

പുതുച്ചേരി മദ്യം പ്രതിയുടെ വീട്ടിലേക്ക് എത്തിക്കുന്നവരുടെ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നുവരികയാണ്. മദ്യം വീട്ടിൽ വലിയ തോതിൽ സൂക്ഷിച്ച് വിൽപ്പന നടത്തലാണ് ഇവരുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.

ലൈസൻസില്ലാതെ മദ്യം വിൽക്കുകയോ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയോ ചെയ്യുന്നത് 55(i) വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്. അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്ന അറിവോടെ മദ്യം കൈവശം വയ്ക്കുന്നത് വകുപ്പ് 58 പ്രകാരം 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ സെഷൻസ് കോടതിയിൽ നടക്കും.

പരിശോധന ടീമിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജേന്ദ്രൻ കെ.കെ., ബിജു വി.വി., എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ മുഹമ്മദ് ഹാരിസ് കെ., രാജീവ് പി.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കെ., പ്രണവ് ടി., വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ പി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393257/104-bottles-mahe-liquor-woman-arrested-taliparamba-excise)