---
title: "ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി ടി.ഐ. മധുസൂദനൻ"
english_title: "Dhanaraj Murder Verdict TI Madhusudanan Threat Speech Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393264/dhanaraj-murder-verdict-ti-madhusudanan-speech-payyannur"
published_at: "2026-11-26T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c910ec5db_1001022368.jpg"
keywords: ["Dhanaraj Murder", "TI Madhusudanan", "Payyannur", "CPM", "Kannur"]
---

# ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി ടി.ഐ. മധുസൂദനൻ

> **Lead Summary:** **കണ്ണൂർ: **സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു വിവാദ പ്രസംഗം.

## Article Content

**കണ്ണൂർ: **സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു വിവാദ പ്രസംഗം.

> "കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും. അതിന് പാർട്ടിക്ക് മടിയില്ല. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും" എന്ന് മധുസൂദനൻ പറഞ്ഞു.

ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ലെന്നും എന്നാൽ അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ലെന്നും അദ്ദേഹം പരാമർശിച്ചു.

ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യമെന്നും ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.

പ്രസംഗം കൊലവിളിയാണെന്നും കോടതിയലക്ഷ്യമാണെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393264/dhanaraj-murder-verdict-ti-madhusudanan-speech-payyannur)